കൊച്ചി നെടുമ്പാശേരിയിൽ കാറിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ബോസ്റ്റൽ സ്കൂളിൽ നിന്ന് മോചിതനായി. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിലാണ് സുഹൈലിനെ പാർപ്പിച്ചിരുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സുഹൈലിന്റെ ഇന്നത്തെ മോചനം.
കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റ് പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ സുഹൈലിനെ 10 ദിവസത്തിനു ശേഷമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥയോടെയാണ് ഈ മാസം 6ന് മറ്റ് മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഒക്ടോബർ 11നായിരുന്നു കോളിളക്കമുണ്ടാക്കിയ അപകടമുണ്ടായത്. സുഹൈൽ ഓടിച്ചിരുന്ന മിനി കൂപ്പർ കാർ നെടുമ്പാശേരി എയർപോർട്ട് റോഡിൽ സുവർണ്ണോദ്യാനത്തിന് സമീപം സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.സ്കൂട്ടർ യാത്രികരായ കർണാടക സുള്ള്യ സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.




