വാഷിംഗ്ടണ്‍ ഡിസി: ഇറാനിലെ സ്കൂളിനുനേരെയുണ്ടായ മിസൈല്‍ ആക്രമണത്തെ തുടർന്ന് രണ്ട് അമേരിക്കൻ നാവിക ഉദ്യോഗസ്ഥരെ പേരെടുത്ത് ഭീഷണിപ്പെടുത്തി ഇറാൻ.
യുദ്ധക്കപ്പലായ യുഎസ്‌എസ് സ്പ്രൂവൻസിന്റെ കമാൻഡിംഗ് ഓഫിസർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫിസർ ലഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്ക് എന്നിവർക്കെതിരെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഭീഷണി ഉയർന്നിരിക്കുന്നത്.
ഫെബ്രുവരി 28-നാണ് ഇറാനിലെ മിനാബിലുള്ള ഷജാറെ തയ്യിബ എലിമെന്ററി സ്കൂളിന് നേരെ യുഎസ് സേന ടോമാഹോക്ക് മിസൈല്‍ ആക്രമണം നടത്തിയതും ഇതില്‍ 168 കുട്ടികള്‍ കൊല്ലപ്പെട്ടതും. ഈ ആക്രമണത്തിന് പിന്നില്‍ ഈ രണ്ട് ഉദ്യോഗസ്ഥരാണെന്നാണ് ഇറാന്റെ ആരോപണം.
ഇതേ തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സഹിതം”ഞങ്ങള്‍ നിങ്ങളെ കണ്ടെത്തും” എന്ന ഭീഷണി മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. മാർച്ച് മാസത്തിലും സമാനമായ രീതിയില്‍ “ഈ രണ്ട് കുറ്റവാളികളെയും ഓർക്കുക, അവർക്ക് സ്വന്തമായി കുട്ടികളില്ലേ?” എന്ന ചോദ്യത്തോടൊപ്പം ഇവരുടെ ചിത്രങ്ങള്‍ ഇറാൻ പങ്കുവച്ചിരുന്നു.
357 ദിവസത്തെ ദീർഘകാല സേവനത്തിനും മേഖലയിലെ പോരാട്ടങ്ങള്‍ക്കും ശേഷം യുഎസ്‌എസ് സ്പ്രൂവൻസ് കപ്പല്‍ കാലിഫോർണിയയിലെ സാൻ ഡെഗോയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് വീണ്ടും പ്രകോപനപരമായ നീക്കമുണ്ടായിരിക്കുന്നത്.
വ്യക്തിഗതമായി അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പരസ്യമായ ഈ ഭീഷണി വാഷിംഗ്ടണില്‍ വലിയ തോതിലുള്ള സുരക്ഷാ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യത്തേക്ക് മടങ്ങിയെത്തുന്ന സൈനികർക്കെതിരായ ഏത് നീക്കത്തെയും ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.




