ടെക്സസ്: നീണ്ട 22 മണിക്കൂർ ദൗത്യത്തിന് ശേഷം സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് വിജയകരമായി പിടിച്ചെടുത്തു. ടെക്സസിലെ സ്പേസ് എക്സിന്റെ സ്റ്റാർബേസ് കേന്ദ്രത്തിലുള്ള ലോഞ്ച് ടവറിൽ ഘടിപ്പിച്ച “ചോപ്സ്റ്റിക്സ്” എന്ന് വിളിപ്പേരുള്ള ഒരു ജോഡി യന്ത്രക്കൈകൾ ഉപയോഗിച്ചാണ് പേടകത്തെ പിടിച്ചെടുത്തതെന്ന് സി.എൻ.ബി.സി (CNBC) റിപ്പോർട്ട് ചെയ്തു. ഇതോടെ ബഹിരാകാശ ദൗത്യത്തിൽ പുതിയ ചരിത്രം എഴുതിച്ചേർത്തിരിക്കുകയാണ് സ്പേസ് എക്സ്.
പൂർണ്ണമായി പുനരുപയോഗിക്കാവുന്ന റോക്കറ്റുകളുടെ പ്രായോഗികത തെളിയിക്കുന്നതും, ചെലവ് കുറഞ്ഞ ബഹിരാകാശ യാത്രകൾ യാഥാർത്ഥ്യമാകുന്നതിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്നതുമാണ് ഈ സാങ്കേതിക നേട്ടം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പുനഃപ്രവേശിക്കുമ്പോഴുള്ള കടുത്ത ചൂടിനെ അതിജീവിച്ച സ്റ്റാർഷിപ്പ്, മേഘാവൃതമായ ആകാശത്തുനിന്ന് പുറത്തുവന്ന്, ലോഞ്ച് പാഡ് 2-ന് മുകളിലുള്ള ‘ചോപ്സ്റ്റിക്’ മെക്കാനിക്കൽ കൈകൾക്കിടയിലേക്ക് സാവധാനം വന്നിറങ്ങുകയായിരുന്നു.
വെള്ളിയാഴ്ച ബൂസ്റ്റർ പൊട്ടിത്തെറിച്ചെങ്കിലും, ഭ്രമണപഥത്തിൽ നിന്ന് കേടുപാടുകളില്ലാതെ തിരിച്ചെത്തിയ സ്റ്റാർഷിപ്പിന്റെ അപ്പർ സ്റ്റേജ് അഥവാ ബഹിരാകാശ പേടകം വിജയകരമായി പിടിച്ചെടുത്തുകൊണ്ട് സ്പേസ് എക്സ് ശനിയാഴ്ച വലിയൊരു നാഴികക്കല്ല് പിന്നിട്ടു.
14 തവണ ഭൂമിയെ ചുറ്റിയ ശേഷമാണ് റോക്കറ്റ് തിരിച്ചെത്തിയത്. സ്റ്റാർഷിപ്പിന്റെ 15-ാം പരീക്ഷണമായിരുന്നു ഇത്. 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ചു. വെള്ളിയാഴ്ച ബൂസ്റ്റർ പൊട്ടിത്തെറിച്ച് ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന പരീക്ഷണത്തിന്റെ തുടക്കത്തിൽ ഈ ബൂസ്റ്റർ ലോഞ്ച് ടവറിലെ യന്ത്രക്കൈകൾ ഉപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. തുടർന്ന് ബൂസ്റ്റർ നിയന്ത്രിച്ച് ഗൾഫ് ഓഫ് മെക്സിക്കോയിലെ കടലിലേക്ക് തിരിച്ചുവിട്ടു. എന്നാൽ വെള്ളത്തിൽ പതിക്കുന്നതിന് മുൻപ് തന്നെ ബൂസ്റ്റർ തീപിടിച്ച് പൊട്ടിത്തെറിക്കുകയാണുണ്ടായത്.
ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെയും വഹിച്ചുകൊണ്ട് യാത്ര ചെയ്യുക എന്ന എലോൺ മസ്കിന്റെ വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇത്തരം പരീക്ഷണങ്ങളെല്ലാം. സ്റ്റാർഷിപ്പ് തിരിച്ചിറക്കിയതിൽ എലോൺ മസ്ക് സന്തോഷം പങ്കുവച്ചു. സ്റ്റാർബേസിനടുത്തുള്ള മെക്സിക്കോ ഉൾക്കടൽ തീരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ബഹിരാകാശ പേടകം കാഴ്ചയിൽ വന്നപ്പോൾ ആവേശത്തോടെ ആർത്തുവിളിച്ചു.




