കൊലപ്പെടുത്തിയ കൂട്ടുകാരന്‍ സ്വപ്നത്തിലെത്തുന്നു. 20 ദിവസമായി ഉറക്കം നഷ്ടമായതിന് പിന്നാലെ ഉറ്റ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
മുംബൈ ഡോംബിവലിയിലാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പ്രഭു കാരകാഡേ എന്നയാളാണ് ഉറ്റസുഹൃത്തായ വിശാലിനെ അടിച്ചുകൊന്നത്. മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിച്ചയാളും പിടിയിലായി.
ഒക്ടോബര്‍ 9നായിരുന്നു കൊലപാതകം നടന്നത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ക്ഷുഭിതനായാണ് പ്രഭു വിശാലിനെ ആക്രമിച്ചത്. വിശാല്‍ മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ ഭയന്നുപോയ യുവാവ് വീട്ടുടമയുടെ സഹായം തേടുകയായിരുന്നു. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് വിശാലിന്റെ മൃതദേഹം ചാക്കില്‍ കെട്ടി മലയിടുക്കില്‍ കൊണ്ടുതള്ളുകയായിരുന്നു. വീട്ടിലെത്തിയ പ്രഭു ഉറങ്ങാന്‍ ശ്രമിക്കുമ്പോഴൊക്കെ സുഹൃത്തിനെ സ്വപ്നം കാണുകയായിരുന്നു. 20 ദിവസത്തോളമായി ഉറങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിനെ തെളിവ് നശിപ്പിക്കാന്‍ സഹായിച്ച വീട്ടുടമയും അറസ്റ്റിലായിട്ടുണ്ട്.




