യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിന് കനത്ത തിരിച്ചടി, ഡെമോക്രാറ്റുകള്‍ക്ക് വ്യക്തമായ മുന്നേറ്റം

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് മുന്നേറ്റം.

ട്രംപിന് തിരിച്ചടിയാണ് ആദ്യ ഫല സൂചനകള്‍ നല്‍കുന്നത്. നിര്‍ണായക പോരാട്ടമാണ് സീറ്റുകളില്‍ നടക്കുന്നത്. യു. എസിലെ 50 സംസ്ഥാനങ്ങളില്‍ പലയിടത്തും വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ പുറത്തുവന്ന പ്രാഥമിക കണക്കുകളിലാണ് ഡെമോക്രാറ്റിക് പാർട്ടി മേധാവിത്വം പുലർത്തുത്തുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഏറെ നിർണായകമായ തിരഞ്ഞെടുപ്പിലാണ് തുടക്കത്തില്‍തന്നെ ഡെമോക്രാറ്റുകള്‍ മുന്നേറുന്നത്.യു.എസ്. പാർലമെന്റിന്റെ ഇരുസഭകളിലൊന്നായ ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേക്കും, 100 അംഗങ്ങളുള്ള സെനറ്റിലെ മൂന്നിലൊന്ന് വരുന്ന 35 സീറ്റുകളിലേക്കുമാമാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ സെനറ്റിലെ ഭൂരിപക്ഷം നിലനിർത്തുക എന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് നിർണായകമാണ്. എന്നാല്‍, ഫലം പുറത്തുവന്ന സെനറ്റിലെ ആദ്യ അഞ്ച് സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കുകയും രണ്ടിടത്ത് ലീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. ആദ്യഫലങ്ങളില്‍ റിപ്പബ്ലിക്കന്മാർക്ക് ഒരുവിധ മുന്നേറ്റവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.