ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; പണമിടപാടുകളിൽ സുതാര്യത, സഭാസ്ഥാപനത്തിൽ വിജയി

ഫിലിപ്പ് പി തോമസ്

യോഹന്നാൻ സ്നാപകനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് – “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” എന്നാണ്. അതു പോലെ ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ ആലപ്പുഴയിൽ വന്നു, അദ്ദേഹത്തിൻ്റെ പേര് തമ്പി എന്നായിരുന്നു.

46 വർഷം മുൻപ് പത്തനംതിട്ട ജില്ലയിലെ മല്ലശ്ശേരിയിൽ നിന്നും ഏബ്രഹാം ജോർജ് എന്ന സുവിശേഷകൻ ഭാര്യയുമായി ഒരു കൊച്ചു വള്ളത്തിൽ കരുവാറ്റയിൽ വന്നു. വണ്ടി വിളിക്കാൻ പണം ഇല്ലാത്തതു കൊണ്ട് എടത്വായിൽ നിന്നും ഒരു 16 വയസുകാരൻ വള്ളം തുഴഞ്ഞു.

വള്ളത്തിൽ ഇരുന്ന തമ്പി എന്ന മനുഷ്യൻ സെന്റർ പാസ്റ്റർ ആയതും ആലപ്പുഴയുടെ തീരദേശത്ത് 55 സഭകൾ സ്ഥാപിച്ചതും ചരിത്ര നിയോഗം. വള്ളം തുഴഞ്ഞ സൈമൺ ഇന്ന് സെൻ്ററിലെ ഒരു സീനിയർ ശുശ്രൂഷകനാണ്. പ്രിസ്ബറ്ററിയുടെ ഓർഡറുമായി പലരും ചുറ്റി കറങ്ങുമ്പോൾ, പാസ്റ്റർ ഏബ്രഹാം ജോർജിനെ ഇവിടേക്ക് അയച്ചത് ദൈവമാണെന്ന് അദ്ദേഹം പ്രവർത്തന മികവിലൂടെ തെളിയിച്ചു.

ലേഖകനും ഭാര്യ ഗ്രേസമ്മയും പാസ്‌റ്റർ എബ്രഹാം ജോർജിനോടൊപ്പം

ആദ്യകാലത്ത് അദ്ദേഹത്തെ അകമഴിഞ്ഞ് പ്രോൽസാഹിപ്പിച്ചത് പരേതരായ കരുവാറ്റയിലെ പാസ്റ്റർ പി.പി .തോമസും (എൻ്റെ പിതാവ്), കാർത്തികപ്പളളിയിലെ ഡോ.ഏ.കെ ജോണുമായിരുന്നു. കരുവാറ്റാ, കാർത്തികപ്പള്ളി, ആലപ്പുഴ സഭകളിൽ പാസ്റ്ററായിരുന്ന അദ്ദേഹം അതിന് ശേഷം ഒരു പുതിയ പ്രവർത്തനം ആരംഭിച്ചു. അത് വളർന്ന് തിരുവമ്പാടിസഭയായി.

അദ്ദേഹത്തിൻ്റെ ലക്ഷ്യം പണ സമ്പാദനം അല്ലായിരുന്നു, സുവിശേഷ പ്രചരണം ആയിരുന്നു.

ആലപ്പുഴ വെസ്റ്റ് സെൻ്ററിൻ്റെ വളർച്ചക്കു വേണ്ടി തമ്പിച്ചായൻ ചെയ്ത സേവനങ്ങൾ മാതൃകാപരമായിരുന്നു. തീരദേശത്തെക്കുറിച്ച് അദ്ദേഹത്തിന് വലിയ ദർശനം ഉണ്ടായിരുന്നു. വെള്ളവും ചെള്ളയും ചവുട്ടി എല്ലാ ഗ്രാമങ്ങളിലും സഭകൾ സ്ഥാപിക്കുവാൻ ഉത്സാഹിച്ചു.

പണമിടപാടുകളിൽ സുതാര്യത പുലർത്തി. പ്രവർത്തനത്തിനു വേണ്ടി പണം കണ്ടെത്തുകയും, അതെല്ലാം സത്യസന്ധമായി ഉപയോഗിക്കുകയും ചെയ്തു. എല്ലാ വർഷവും വരവ് ചെലവ് കണക്കുകൾ പ്രസിദ്ധീകരിച്ചു.

വാങ്ങുന്നതിനെക്കാൾ, കൊടുക്കുന്നത് നല്ലതാണെന്ന് അദ്ദേഹം കാണിച്ചു തന്നു. കൂട്ടു ശുശ്രൂഷകന്മാരെ വഴക്ക് പറയുമായിരുന്നെങ്കിലും അവരോട് സ്നേഹവും കരുതലും കാട്ടിയിരുന്നു. ദൈവം കൊടുത്ത കഴിവുകളും അവസരങ്ങളും എല്ലാം സുവിശേഷ പ്രചരണത്തിനായി ഉപയോഗിച്ചു. അദ്ദേഹത്തിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾക്കു വേണ്ടി
ശക്തമായ നിലപാട് സ്വീകരിച്ചു. ആരുടെയും അംഗീകാരം വേണ്ടായിരുന്നു. രോഗിയായപ്പോഴും മരണത്തെക്കുറിച്ച് യാതൊരു ഭയവും ഇല്ലായിരുന്നു.

തമ്പിച്ചായന് വേണ്ടതായ ശുശ്രൂഷകൾ നൽകുന്നതിൽ മകൻ വെസ്ലിയും ഭാര്യയും മക്കളും വളരെ ശ്രദ്ധാലുക്കൾ ആയിരുന്നു .മകൾ പ്രിൻസിലിയും കുടുംബവും ലഭിച്ച അവസരങ്ങൾ പിതാവിനെ ശുശ്രൂഷിച്ചു .ദൈവം രണ്ട് മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു.

ആലപ്പുഴക്കാർക്ക് അവരുടെ സെൻറർ പാസ്റ്റർ വിട്ടു പോയി. പാസ്റ്റർ ഏബ്രഹാം ജോർജിനെ ഞാൻ പരിചയപ്പെട്ടത് സെൻറർ പാസ്റ്ററായല്ല ഞങ്ങളുടെ കുടുംബത്തിന് അദ്ദേഹം തമ്പിച്ചായൻ ആയിരുന്നു.

തമ്പിച്ചായനെ പരിചയപ്പെടുന്നത് 47 വർഷങ്ങൾക്ക് മുൻപാണ്. ഞങ്ങളുടെ ലോക്കൽ സഭയുടെ പാസ്റ്ററായി അദ്ദേഹവും ഭാര്യ ലീലാമ്മയും എത്തി. അന്നു മുതൽ അവർ ഞങ്ങളുടെ കുടുംബാംഗങ്ങൾ ആയിരുന്നു. എൻ്റെ പിതാവുമായി തമ്പിച്ചായന് ഒരു പ്രത്യേക സ്നേഹബന്ധമായിരുന്നു. പിതാവിൻ്റെ മരണശേഷവും അമ്മയുമായും, ഞങ്ങളോടെല്ലാവരോടും തമ്പിച്ചായനും കുടുംബവും വളരെ അടുത്ത സ്നേഹബന്ധം തുടർന്നു.

എനിക്ക് എക്കാലവും അദ്ദേഹം ഒരു ജ്യേഷ്ഠ സഹോദരൻ ആയിരുന്നു. 47 വർഷത്തിനിടയിൽ ഒരിക്കൽ പോലും തമ്മിൽ പിണങ്ങിയിട്ടില്ല. എന്നെ ഉപദേശിക്കുകയും, ശാസിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും ഞാൻ തിരിച്ച് മറുത്ത് പറഞ്ഞിട്ടില്ല. എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിൻ്റെ ഉപദേശം സ്വീകരിക്കുമായിരുന്നു.

ഞങ്ങളോട് കാണിച്ച എല്ലാ സ്നേഹവും കരുതലും നന്ദിയോടെ സ്മരിക്കുന്നു. എൻ്റെ ഭാര്യ ഗ്രേസമ്മ, മക്കൾ – ബോബി, ബോണി, ഷോണി എന്നിവരും അവരുടെ കുടുംബാംഗങ്ങളും അവരുടെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു .

സുവിശേഷത്തിൻ്റെ നല്ല പോരാളിയായിരുന്ന തമ്പിച്ചായനെ മറുകരയിൽ വീണ്ടും കാണും. അതു വരേക്കും വിട .

ദുഖാർത്തരായ ഏവരെയും ദൈവം ആശ്വസിപ്പിക്കുവാൻ പ്രാർത്ഥിക്കുന്നു .