ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് അതിർത്തിയില്‍ ഇന്ത്യ ചൈന സംഘർഷം സ്ഥിരീകരിച്ച് ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി).
പലയിടങ്ങളിലും ഇരു രാജ്യങ്ങളുടെയും സുരക്ഷാസേനകള്‍ തമ്മില്‍ സംഘർഷം നടക്കുകയാണെന്ന് ഐടിബിപി ഡയറക്ടർ ജനറല്‍ ശത്രുജീത് കപൂർ വ്യക്തമാക്കി. സ്ഥിരീകരണത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
കഴിഞ്ഞ ജൂലായ് മാസം മുതല്‍ ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന് കിടക്കുന്ന തന്ത്രപ്രധാനമായ തക്സിംഗ് മേഖലയില്‍ ചൈനീസ് സൈന്യം ഇന്ത്യ സുരക്ഷാസേനയുടെ പട്രോളിംഗ് തടസപ്പെടുത്തുന്നതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും നേർക്കുനേർ വരുന്ന സാഹചര്യമുണ്ടായതെന്നും ഇപ്പോഴും സംഘർഷം തുടരുകയാണെന്നും ഐടിബിപി ഡയറക്ടർ ജനറല്‍ വ്യക്തമാക്കി.
സെപ്തംബറില്‍ ന്യൂഡല്‍ഹിയില്‍വച്ച് നടന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പങ്കെടുത്ത ബ്രിക്സ് ഉച്ചകോടിയുടെ സമയത്തും അതിർത്തിയില്‍ സംഘർഷമുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ചൈനയുമായുള്ള അതിർത്തിയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്നും നിലവിലെ സാഹചര്യങ്ങളെ നേരിടാൻ പ്രത്യേക കോംബാറ്റ് ട്രെയിനിംഗ് പ്രോഗ്രാമും അതിർത്തി യൂണിറ്റുകളില്‍ ഡ്രോണ്‍ പ്ലാറ്റൂണുകളും സജ്ജമാക്കിയിട്ടുണ്ടെന്നും ശത്രുജീത് കപൂർ കൂട്ടിച്ചേർത്തു.
ഐടിബിപി മേധാവിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. സ്വയം പ്രഖ്യാപിത വിശ്വഗുരു ചൈനയ്ക്ക് മുന്നില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയും സർക്കാരും മൗനം പാലിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അരുണാചലിലെ ഗ്രാമങ്ങളുടെ പേര് മാറ്റുന്നതിനൊപ്പം ചൈന അതിർത്തിയില്‍ വലിയ അണക്കെട്ട് നിർമിച്ച് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.




