കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന സാമ്പത്തിക ക്രമക്കേടുകളിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ടെൻഡർ നടപടികള്‍ പാലിക്കാതെ ‘കാർട്ടണ്‍ ഇന്ത്യ’ എന്ന കമ്പനിക്ക് നിർമ്മാണ കരാറുകള്‍ നല്‍കിയതാണ് പ്രധാന ആരോപണം. ഈ കമ്പനി പി.പി ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്നാരോപിച്ച്‌ കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങളും വിജിലൻസ് അന്വേഷണ പരിധിയില്‍ വരും.

കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17(എ) പ്രകാരമുള്ള അന്വേഷണത്തിനാണ് സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിനുള്ള അനുമതി നല്‍കിയിരുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ കരാറുകള്‍ മുൻ പ്രസിഡന്റ് പി.പി ദിവ്യയുടെ ബിനാമി കമ്പനിയായ ‘കാർട്ടൻ ഇന്ത്യ അലയൻസിന്’ നല്‍കിയതിലൂടെ ഏകദേശം 11 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പ്രധാന ആരോപണം. കമ്പനി ഡയറക്ടറായ മുഹമ്മദ് ആസിഫും ദിവ്യയുടെ ഭർത്താവ് അജിത്തും ചേർന്ന് കണ്ണൂർ പാലക്കയം തട്ടില്‍ നാലേക്കറോളം ഭൂമി സംയുക്തമായി വാങ്ങിയിട്ടുണ്ടെന്നും, ഇതിന്റെ രജിസ്ട്രേഷൻ രേഖകള്‍ സഹിതം ഷമ്മാസ് തെളിവുകള്‍ പുറത്തുവിട്ടിരുന്നു. കൂടാതെ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണം നടത്താൻ ഉത്തരവിലുണ്ട്.

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പി.പി. ദിവ്യക്കെതിരെ വീണ്ടും ഗുരുതരമായ അഴിമതി ആരോപണങ്ങളും വിജിലൻസ് അന്വേഷണവും വരുന്നത്. നേരത്തെ പെട്രോള്‍ പമ്പ് അനുമതിയുമായി ബന്ധപ്പെട്ടും ദിവ്യയുടെ ഭർത്താവിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയർന്നുവന്നിരുന്നു.