പെൻസില്‍ വാനിയയില്‍ വീടിന് നേരെ ആക്രമണം: വെടിവെപ്പില്‍ രണ്ട് കുട്ടികളും ഗര്‍ഭിണിയും അടക്കം ഒൻപത് പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ പെൻസില്‍വാനിയ സംസ്ഥാനത്തുള്ള ഇറി നഗരത്തില്‍ നടന്ന കൂട്ടവെടിവെപ്പില്‍ അക്രമിയടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച രാത്രി ഒരു വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികളും ഒരു ഗർഭിണിയും ഉള്‍പ്പെടുന്നതായി അധികൃതർ അറിയിച്ചു.

ആക്രമണം നടക്കുമ്പോള്‍ വീടിന് പുറത്തുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും വെടിയേറ്റു. ഇവരാണ് പിന്നീട് പൊലീസിനെ വിവരമറിയിച്ചത്. പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ അക്രമി വീടിനുള്ളിലേക്ക് കടന്നു. തുടർന്ന് പൊലീസ് വീടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ അക്രമിയടക്കം ഒൻപത് പേരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തന്റെ 28 വർഷത്തെ സർവീസിനിടയില്‍ ഇത്തരമൊരു ദുരന്തം കണ്ടിട്ടില്ലെന്നും നഗരത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ ജീവഹാനി ആദ്യമായിരിക്കാമെന്നും ഇറി പൊലീസ് ചീഫ് റിക്ക് ലോ പ്രതികരിച്ചു.

ആക്രമണത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയതായും പെൻസില്‍വാനിയ ഗവർണർ ജോഷ് ഷാപ്പിറോ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് സുരക്ഷാഭീഷണിയില്ലെന്ന് ഇറി നഗരസഭ വ്യക്തമാക്കി.