റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഞായറാഴ്ച പുലർച്ചെ അറിയിച്ചു. മരിച്ചവരിൽ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഒരു പലസ്തീൻ പൗരനും ഉൾപ്പെടുന്നു. അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടവരിലുണ്ട്. പരിക്കേറ്റ 309 പേരിൽ ചിലരുടെ നില ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കി.
റിയാദിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് മണിക്കൂറുകൾക്കുശേഷം സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിലെ പ്രധാന വിമാനത്താവളമായ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളവും ആക്രമണത്തിനിരയായതായി യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് അറിയിച്ചു. മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം എക്സിലൂടെ പുറത്തുവിട്ടത്. ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആദ്യമായാണ് ആക്രമണമുണ്ടാകുന്നത്.
ശനിയാഴ്ചത്തെ ആക്രമണത്തിനു പിന്നാലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക
രാജ്യത്തെ സിവിൽ ഏവിയേഷൻ സംവിധാനങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണ് പുതിയ സംഭവമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യയിലെത്താൻ കഴിയാതെ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ യാത്രക്കാർ സഹായത്തിനായി അതത് രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരും നേരത്തെ അറിയിച്ചിരുന്നു.
വ്യാഴാഴ്ച റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളിൽ സൗദിയ വിമാനക്കമ്പനിയിലെ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ചയുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരു സുഡാൻ പൗരനും കൊല്ലപ്പെട്ടു. അതിന് ഒരു ദിവസം മുമ്പ് അസീർ പ്രവിശ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു.




