ടെൽ അവീവിലേക്കുള്ള വിമാനത്തിൽനിന്ന് ഹൈജാക്ക് സന്ദേശം; പൈലറ്റുമാരുടെ തമ്മിലടിയെന്നു വെളിപ്പെടുത്തൽ

ടെൽഅവീവ് : ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് 180 യാത്രക്കാരുമായി പറന്ന ഫ്‌ളൈ ദുബായ് ബോയിംഗ് 737 മാക്‌സ് വിമാനം അടിയന്തര സാഹചര്യത്തെ തുടർന്ന് സൗദിയിലിറക്കി.

പൈലറ്റുമാരിൽ ഒരാൾ വിമാനം തകർക്കാൻ ശ്രമം നടത്തിയതായും സഹ പൈലറ്റ് യാത്രക്കാരുടെ സഹായത്തോടെ ഇത് തടഞ്ഞതായും ഉന്നത ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനൽ 12 റിപ്പോർട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരായ പൈലറ്റുമാരുടെ സംഘമാണ് വിമാനം രക്ഷപ്പെടുത്തിയതെന്നും ചില ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഒരു വലിയ ദുരന്തമാണ് ഒഴിവായതെന്നാണ് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ ചാനൽ 12-നോട് പറഞ്ഞത്. വിമാനം തകർക്കാൻ ശ്രമിച്ചെന്ന് പറയപ്പെടുന്ന പൈലറ്റിനെ ചോദ്യം ചെയ്ത് വരികയാണെന്നും പേര് വെളിപ്പെടുത്താത്ത ഇസ്രയേലി ഉദ്യോഗസ്ഥൻ അറിയിച്ചു.

വിമാനം അപകട സൂചന നൽകിയതിന്‌റെ പിന്നാലെ സൗദിയിലെ തബൂക്ക് വിമാനത്താവളത്തിന് സമീപം ഫ്‌ളൈറ്റ് ട്രാക്കിങ്‌ സൈറ്റുകളിൽനിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു.

34,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം രണ്ട് മിനിറ്റിനുള്ളിൽ 16,600 അടിയിലേക്ക് പതിച്ചതോടെയാണ് ആശങ്ക പരന്നത്‌. വിമാനത്തിലെ ട്രാൻസ്പോണ്ടർ ഹൈജാക്കിങ്ങിനെ സൂചിപ്പിക്കുന്ന ‘7500’ എന്ന ജനറൽ എമർജൻസി കോഡ് പുറപ്പെടുവിച്ചുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ആശങ്ക പരന്നു.

സംഭവത്തെ തുടർന്ന് ഇസ്രയേലി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ വിമാനത്തിന് നേരെ പുറപ്പെടുകയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും അടിയന്തര കൂടിയാലോചനകൾ നടത്തുകയും ചെയ്തു.

വിമാനത്തിന്റെ വേഗത്തിലും വ്യതിയാനങ്ങൾ രേഖപ്പെടുത്തിയിരുന്നു. ‘7500’ എന്ന ജനറൽ എമർജൻസി കോഡ് വന്നതിന് പിന്നാലെ വിമാനം പറക്കുന്നതിന്റെ ഉയരം പെട്ടെന്ന് കുറയുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വിമാനത്തിന്റെ കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ ഉണ്ടായ കടുത്ത തർക്കത്തെ തുടർന്നാണ് അടിയന്തര സന്ദേശം നൽകപ്പെട്ടതെന്നും, അല്ലാതെ ഹൈജാക്കിങ് അല്ലെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.

180 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫ്‌ളൈദുബായ് വക്താവ് പിന്നീട് അറിയിച്ചു.

വിമാനം ഹൈജാക്ക് ചെയ്‌തെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതേത്തുടർന്ന് ഇസ്രയേൽ യുദ്ധവിമാനങ്ങളെ വിന്യസിച്ചിരുന്നു. പിന്നീട് വിമാനത്തിലെ രണ്ട് പൈലറ്റുമാർ തമ്മിൽ അക്രമാസക്തമായ സംഘർഷമുണ്ടായതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്ന റിപ്പോർട്ടുകൾ വന്നു. പിന്നാലെയാണ് പൈലറ്റുമാരിൽ ഒരാൾ വിമാനം തകർക്കാൻ ശ്രമിച്ചതായ വിവരങ്ങൾ ഇസ്രയേലി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. വിമാനത്തിലേറെയും ഇസ്രയേലി പൗരന്മാരായിരുന്നു ഉണ്ടായിരുന്നത്.

ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ‘സംഭവം നിയന്ത്രണവിധേയമാണ്, ഇസ്രായേലി യാത്രക്കാരെ സുരക്ഷിതമായി ഇസ്രായേലിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും നിലവിൽ സ്വീകരിച്ചിട്ടുണ്ട്’ നെതന്യാഹുവിന്റെ ഓഫീസ് എക്‌സിലൂടെ അറിയിച്ചു.

വിമാനം ഇപ്പോള്‍ അടിയന്തമായി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിന് സമീപം ലാന്‍ഡ് ചെയ്‌തെന്നാണ് അവസാനം ലഭിച്ച വിവരം. വിമാനം ലാന്‍ഡ് ചെയ്തുകഴിഞ്ഞാല്‍ മാത്രമെ വിമാനത്തില്‍ എന്താണ് സംഭവിച്ചതെന്ന് അധികൃതര്‍ക്ക് വ്യക്തമാക്കാന്‍ കഴിയൂ എന്നാണ് ഇസ്രയേല്‍ സുരക്ഷാ വൃത്തങ്ങള്‍ പറയുന്നത്.