പരിശീലനപ്പറക്കലിനിടെ റഷ്യൻ TU-95 ബോംബര്‍ തകര്‍ന്നുവീണു; ആറ് സൈനികര്‍ കൊല്ലപ്പെട്ടു

മോസ്കോ: പരിശീലന ദൗത്യത്തിനിടെ റഷ്യൻ വ്യോമസേനയുടെ തന്ത്രപ്രധാന Tu-95 ബോംബർ വിമാനം തകർന്നുവീണ് ആറ് സൈനികർ കൊല്ലപ്പെട്ടു.

റഷ്യയുടെ കിഴക്കൻ അമൂർ മേഖലയിലാണ് സെപ്റ്റംബർ 29ന് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരില്‍ ഒരാള്‍ക്ക് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. പരിശീലനപ്പറക്കലിനിടെ ജനവാസമില്ലാത്ത പ്രദേശത്താണ് വിമാനം തകർന്നുവീണതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടസമയത്ത് വിമാനത്തില്‍ വെടിക്കോപ്പുകളോ ആയുധങ്ങളോ ഉണ്ടായിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രക്ഷപ്പെട്ട സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പറന്നുയർന്നതിന് പിന്നാലെ എൻജിൻ തകരാറുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. എന്നാല്‍ അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച്‌ ഔദ്യോഗിക അന്വേഷണം തുടരുകയാണ്. സംഭവത്തിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കാൻ റഷ്യൻ എയ്റോസ്പേസ് ഫോഴ്സിന്റെ പ്രത്യേക സംഘത്തെ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആണവായുധങ്ങള്‍ വഹിക്കാൻ ശേഷിയുള്ള ദീർഘദൂര തന്ത്രപ്രധാന ബോംബറാണ് Tu-95. ശീതയുദ്ധ കാലത്ത് വികസിപ്പിച്ച ഈ നാല് എൻജിൻ ടർബോപ്രോപ്പ് വിമാനത്തിന്റെ Tu-95MS പതിപ്പ് റഷ്യൻ സൈന്യം ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്.

2025 ജൂണില്‍ യുക്രെയ്ൻ നടത്തിയ ‘ഓപ്പറേഷൻ സ്പൈഡർവെബ്’ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യൻ വ്യോമതാവളങ്ങളിലെ നിരവധി Tu-95 വിമാനങ്ങള്‍ തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിരുന്നു. പുതിയ അപകടവും റഷ്യയുടെ ദീർഘദൂര ബോംബർ വിമാനശേഷിയെ സംബന്ധിച്ച്‌ ശ്രദ്ധ നേടുകയാണ്.