• സാബു തൊട്ടിപ്പറമ്പിൽ

“വായിച്ചു വളരുക” എന്ന പഴഞ്ചൊല്ല് മാറ്റി “വായിച്ചു പണക്കാരാവുക” എന്ന പുതിയ തിയറിയുമായി ഇറങ്ങിയ മലയാളി ബുദ്ധിജീവികൾക്ക് ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി!
തിരുവനന്തപുരത്ത് നിന്നുള്ള പുതിയ തട്ടിപ്പ് ഇങ്ങനെ.പുസ്തകംവായിച്ചാല്‍ മാത്രം മതി പണം ഒഴുകിയെത്തുമെത്രേ.ആര്‍ത്തി പൂണ്ട ചില മണ്ടന്‍ മലയാളികളുണ്ടല്ലോ, എത്രകണ്ടാലും ,കേട്ടാലും മനസിലാക്കാത്ത ആര്‍ത്തി മൂത്തവര്‍.അവര്‍ മുന്നും പിന്നും നോക്കാതെ എടുത്ത് ചാടും ഫലമോ.?പക്ഷേ,ഇവിടെ ”ഒരാവേശത്തിന് ചാടാം ,ഒന്‍പത് ആവേശത്തിന് കരകയറാന്‍ കഴിയില്ല”എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നു.
വിതുര പഞ്ചായത്തിൽ മാത്രം പുസ്തകം വായിച്ച് സമ്പന്നരാകാൻ ഇറങ്ങിപ്പുറപ്പെട്ട 106 പേരിൽ നിന്നായി തട്ടിയെടുത്തത് 1.25 കോടി രൂപ. ആപ്പിലെ ഏതാനും പേജുകൾ വെറുതെ മറിച്ചുനോക്കിയാൽ പണം അക്കൗണ്ടിലെത്തുമെന്ന കണ്ടുപിടുത്തത്തിലാണ് നാട്ടുകാരിലെ ‘വായനാപ്രേമികൾ’ കൂട്ടത്തോടെ പോയി തലവച്ചു കൊടുത്തത്.
’എൻ.ടി.എൽ. പ്രൈവറ്റ് ലിമിറ്റഡ്’ എന്ന വാട്‌സ്ആപ്പ് ആപ്പ് ലിങ്കിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ആദ്യം 1800 രൂപ അടച്ച് അംഗമായാൽ, വായിക്കുന്ന ഓരോ പുസ്തകത്തിനും 25 രൂപ മുതൽ കിട്ടുമെന്നായിരുന്നു വാഗ്ദാനം. അധ്വാനിക്കാതെ ഇരട്ടി ലാഭം കൊതിച്ചിറങ്ങിയവർക്ക് ,നാന്‍ താന്‍ മലയാളിടാ…എന്ന് പറഞ്ഞ് തുടക്കത്തിൽ ചെറിയ തുകകൾ അക്കൗണ്ടിലെത്തിച്ച് തട്ടിപ്പുകാർ ചൂണ്ടയിട്ടു. വലയിലായെന്ന് ഉറപ്പായതോടെ ഓരോ ഘട്ടത്തിലും തുക ഇരട്ടിയാക്കി. ഏഴാം ഘട്ടമെത്തിയപ്പോഴേക്കും 69,000 രൂപ വീതം അടയ്ക്കാൻ ആവശ്യപ്പെടുകയും, അധ്വാനിക്കാത്ത പണത്തോടുള്ള അമിത ആർത്തി കാരണം നിരവധിപേർ കണ്ണുമൂടി ഈ തുക ആപ്പിലേക്ക് തള്ളുകയും ചെയ്തു.
മണിചെയിൻ മാതൃകയിൽ മറ്റ് സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇതിലേക്ക് വലിച്ചിഴച്ചതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടി. കയ്യിലുള്ള പണമെല്ലാം ആപ്പിലേക്ക് നിക്ഷേപിച്ച് കാത്തിരുന്ന ‘വായനക്കാർക്ക്’ പെട്ടെന്നൊരു ദിവസം ആപ്പ് പൂട്ടിക്കെട്ടിയപ്പോഴാണ് അമളി മനസ്സിലായത്.
നിലവിൽ വിതുര, തൊളിക്കോട് ഭാഗങ്ങളിൽ നിന്ന് ആളുകളെ ചേർത്ത 6 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം വിദേശ-ഉത്തരേന്ത്യൻ സൈബർ ഗ്യാങ്ങുകളുടെ ബുദ്ധിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. അധ്വാനിക്കാതെ കാശുണ്ടാക്കാൻ കുറുക്കുവഴി തിരയുന്ന മലയാളിയുടെ ഈ മൂത്ത ആർത്തി തന്നെയാണ് ഇത്തരം ആപ്പുകാരുടെ പ്രധാന മൂലധനം




