ജൂലൈ 23ന് ഹൂസ്റ്റണ്‍ മാരിയറ്റ് വെസ്സ് ചെയ്സ് ഹോട്ടലില്‍ ആരംഭിച്ച ഇരുപത്തിയെട്ടാമതു AGIFNA നാഷണല്‍ കോണ്‍ണ്‍ഫെറെന്‍സ് 27 ഞായറാഴ്ച്ച രാവിലെ നടന്ന അനുഗ്രഹകരമായ ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും സമാപിച്ചു. റവ. രാജന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച സമാപനയോഗത്തില്‍ എജി മലയാളം ഡിസ്ട്രിക്ട് അസി. സൂപ്രണ്ട് റവ. തോമസ് ഫിലിപ്പ് മുഖ്യ സന്ദേശം നല്‍കി.

കോണ്‍ണ്‍ഫെറെന്‍സ് കണ്‍വീനര്‍ റവ. തോമസ് ഏബ്രഹാം നേതൃത്വം നല്‍കിയ തിരുവത്താഴ ശുശ്രൂഷയില്‍ റവ. സാജന്‍ ജോര്‍ജ് പ്രസംഗിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ റവ. തോമസ് വര്‍ഗീസ്, നാഷണല്‍ സെക്രട്ടറി ജോമോന്‍ ഗീവര്‍ഗീസ്, നാഷണല്‍ ട്രഷറാര്‍ റവ. മാത്യു തോമസ് എന്നിവരും പ്രസംഗിച്ചു.
റവ. സി.ജെ. സാമുവല്‍, റവ. ജെയിംസ് ജോര്‍ജ്, റവ. വി.പി. ഏബ്രഹാം, പി.എസ് ഫിലിപ്പ്, റവ. വി.എം. ഏബ്രഹാം എന്നിവര്‍ പ്രാര്‍ത്ഥിച്ചു.
2027 ആഗസ്റ്റില്‍ ഫ്ളോറിഡയിലെ മയാമിയില്‍ നടക്കുന്ന ഇരുപത്തിയൊമ്പതാമത് കോണ്‍ഫെറെന്‍സിനു നേതൃത്വം നല്‍കുന്ന റവ. സാം പണിക്കരുടെയും സഹപ്രവര്‍ത്തകരുടെയും, ഒപ്പം AGIFNA യുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളായ പ്രസിഡന്റ് റവ. ജോര്‍ജ് പി. ചാക്കോ, സെക്രട്ടറി റവ.ബിജു തോമസ്, ട്രഷറര്‍ ജോണ്‍ പി. രാജന്‍ എന്നിവർക്കായി പ്രാർത്ഥിച്ച് ചുമതലകൾ ഏൽപ്പിക്കുകയും ചെയ്തു.
മാധ്യമങ്ങളെ പ്രതിനിധീകരിച്ച് ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സൽ സംസാരിച്ചു.
നാലു ദിവസം മലയാളത്തിലും ഇംഗ്‌ളീഷിലുമായി നടന്ന യോഗങ്ങളില്‍ പ്രഗത്ഭരും ആഴമായ വചന പരിചയവുമുള്ള ദൈവദാസന്മാര്‍ ‘അഭിഷേകത്തെ കാത്തുസൂക്ഷിക്കുക’ എന്ന മുഖ്യചിന്താവിഷയത്തെ അടിസ്ഥാനമാക്കി സന്ദേശങ്ങള്‍ നല്‍കിയിരുന്നു. ന്യൂയോര്‍ക്കിലെ k2K എന്ന യുവജന ബൈബിള്‍ ട്രെയിനിങ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കുവേണ്ടി പ്രത്യേക സെഷനുകളും ക്രമീകരിച്ചിരുന്നു.

കോണ്‍ഫെന്‍സിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച എല്ലാ നാഷണല്‍ ആന്‍ഡ് ലോക്കല്‍ കമ്മറ്റി അംഗങ്ങളോടും, ആവശ്യമായ എല്ലാവിധ സഹകരണങ്ങളും നല്‍കി സഹായിക്കുകയും വന്നു സംബന്ധിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവരോടുമുള്ള ആത്മാര്‍ത്ഥമായ നന്ദി കണ്‍വീനര്‍ റവ. തോമസ് എബ്രഹാം രേഖപ്പെടുത്തുകയുമുണ്ടായി.

ഒരു അനുഗ്രഹീത സമ്മേളനത്തിന്റെ ഹൃദ്യമായ സ്മരണകളുമായാണ് വടക്കെ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ രണ്ടായിരത്തിലേറെ ഡെലിഗേറ്റുകള്‍ സ്വഭവങ്ങളിലേക്കു മടങ്ങിയത്.
വാര്‍ത്ത: പ്രൊഫ. സണ്ണി എ മാത്യൂസ്



