ടെഹ്‌റാന്‍: ഇറാഖിലെ എര്‍ബിലിലുള്ള യുഎസ് കോണ്‍സുലേറ്റിനു സമീപം ആക്രമണമെന്ന് റിപ്പോര്‍ട്ട്. എര്‍ബിലില്‍ ഏഴു തവണ സ്‌ഫോടനമുണ്ടായതായി ഇറാഖ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാല് ഇറാനിയന്‍ ഡ്രോണുകള്‍ എര്‍ബിലിനു സമീപമുള്ള ഖലിഫാന്‍, സോറന്‍ മേഖലകളില്‍ ആക്രമണം നടത്തിയതായി ഇറാഖ് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണം പ്രതിരോധിക്കാനായി പത്തിലേറെ യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും രംഗത്തെത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖിലെ ഏറ്റവും വലിയ വാതകപ്പാടമായ ഖോര്‍ മോറും ആക്രമിക്കപ്പെട്ടതായാണ് വിവരം. ഇറാഖിലെ ഊര്‍ജ വിതരണത്തിന്റെ ഏറിയ പങ്കും ഇവിടെ നിന്നാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ എര്‍ബിലില്‍ ആക്രമണമുണ്ടായ അതേസമയത്തു തന്നെയാണ് ഖോര്‍ മോറിലും ആക്രമണമുണ്ടായതെന്ന് ഇറാഖ് പറഞ്ഞു.
അതിനിടെ, ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. യുഎസ്-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിനാലാണ് ആക്രമണങ്ങള്‍ നിര്‍ത്തിവച്ചതെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. സമാധാനചര്‍ച്ച പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദും കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണശാലകളും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം ഉണ്ടായി. ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങളാണ് ആക്രമണം നടത്തിയതെന്നും എല്ലാ ഡ്രോണുകളും വെടിവച്ചിട്ടെന്നും സൗദി സേന അറിയിച്ചു.
ചെങ്കടലില്‍ സൗദിയുടെ എണ്ണക്കപ്പലിനുനേരെ മിസൈലുകള്‍ തൊടുത്തതായി യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ അവകാശപ്പെട്ടു. ഇറാന്‍ വിരുദ്ധരായ കുര്‍ദുകളുടെ വടക്കന്‍ ഇറാഖിലെ താവളങ്ങള്‍ക്കുനേരെ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണമുണ്ടായതായി ഇറാഖ് വ്യക്തമാക്കി. 2 ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ജോര്‍ദാനും അറിയിച്ചു.




