ആഗോള പാസ്പോർട്ട് റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴേക്ക്. ‘ഗ്ലോബല്‍ സിറ്റിസണ്‍ സൊല്യൂഷൻസ്’ പുറത്തുവിട്ട 2026-ലെ പട്ടിക പ്രകാരം ഇന്ത്യ 125-ാം സ്ഥാനത്താണ്.
കഴിഞ്ഞ വർഷം 124-ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ പിന്നിലേക്ക് പോയത് യാത്രാ പ്രേമികള്‍ക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
മറ്റ് പല പാസ്പോർട്ട് സൂചികകളും വിസ രഹിത യാത്രാ സൗകര്യങ്ങളെ മാത്രം അടിസ്ഥാനമാക്കുമ്പോള്‍, ഈ റാങ്കിംഗ് കൂടുതല്‍ സമഗ്രമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇന്ത്യയുടെ മൊത്തത്തിലുള്ള സ്കോർ കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെങ്കിലും, അന്താരാഷ്ട്ര യാത്രാ സൗകര്യം എന്ന ഘടകത്തില്‍ ഇന്ത്യ 136-ാം സ്ഥാനത്താണുള്ളത്. ഇതാണ് ആഗോള റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
നിലവില്‍ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ലോകത്തെ 26 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസ ഇല്ലാതെ അല്ലെങ്കില്‍ ‘വിസ ഓണ്‍ അറൈവല്‍’ സൗകര്യത്തോടെ യാത്ര ചെയ്യാൻ കഴിയുക. യാത്രാ സൗകര്യത്തില്‍ പിന്നിലാണെങ്കിലും, ജീവിതനിലവാര സൂചികയില്‍ ഇന്ത്യ 11-ാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത് ശ്രദ്ധേയമാണ്.
യൂറോപ്യൻ രാജ്യങ്ങളാണ് പട്ടികയില്‍ ആധിപത്യം പുലർത്തുന്നത്. സ്വീഡനാണ് ഒന്നാം സ്ഥാനത്ത്. സ്വിറ്റ്സർലൻഡും ഫിൻലാൻഡുമാണ് തൊട്ടുപിന്നാലെ. പാസ്പോർട്ട് റാങ്കിംഗുകള്‍ തമ്മിലുള്ള വ്യത്യാസം പലപ്പോഴും തെറ്റിദ്ധാരണകള്‍ക്ക് വഴിവെക്കാറുണ്ട്. ‘ഹെൻലി പാസ്പോർട്ട് ഇൻഡക്സ്’ പ്രകാരം ഇന്ത്യ ഏകദേശം 80-ാം സ്ഥാനത്താണ്.




