പണയം വെയ്ക്കാൻ കൂട്ടുകാരിക്ക് നല്‍കിയ 70 പവൻ തിരികെ ലഭിച്ചില്ല, വിഷം കഴിച്ച യുവതികളിലൊരാള്‍ മരിച്ചു

പണയം വെക്കാൻ വേണ്ടി അടുത്ത സുഹൃത്തിന് എടുത്തുനല്‍കിയ 70 പവൻ സ്വർണം തിരികെ കിട്ടാത്തതിനെ തുടർന്ന് വിഴിഞ്ഞത്ത് ധനകാര്യ സ്ഥാപന ജീവനക്കാരി വിഷം കഴിച്ച്‌ മരിച്ചു.

വെങ്ങാനൂർ വെണ്ണിയൂർ ജയാഭവനില്‍ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ആണ് ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്. ഒപ്പം വിഷം കഴിച്ച മറ്റൊരു സുഹൃത്ത് ഗുരുതരാവസ്ഥയിലാണ്. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം 30-നാണ് ഇരുവരും ഷാർജാ ജ്യൂസില്‍ വിഷം കലർത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.

സ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനത്തിന്റെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയായിരുന്നു അഞ്ജു. ഐശ്വര്യ ഇതേ സ്ഥാപനത്തിന്റെ വെങ്ങാനൂർ അമരിവിള ശാഖയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തായ പനങ്ങോട് സ്വദേശിനി സിന്ധുവിനാണ് പണയം വെക്കാനായി ഇവർ സ്ഥാപനത്തില്‍ നിന്ന് 70 പവൻ സ്വർണം നിയമവിരുദ്ധമായി മറിച്ചുനല്‍കിയത്. എന്നാല്‍ പറഞ്ഞ സമയമായിട്ടും ഇവർ സ്വർണം തിരികെ നല്‍കിയില്ല.

ഇതിനിടയില്‍ യഥാർത്ഥ ഉടമകള്‍ സ്വർണം തിരിച്ചെടുക്കാൻ സ്ഥാപനത്തില്‍ എത്തിത്തുടങ്ങി. ഇതോടെ പരിഭ്രാന്തരായ അഞ്ജുവും ഐശ്വര്യയും പലരോടും കടം വാങ്ങി കുറച്ചുപേർക്ക് സ്വർണത്തിന് പകരമായി പണം നല്‍കി തടിയൂരാൻ ശ്രമിച്ചു. എന്നാല്‍ ഒടുവില്‍ സ്ഥാപന ഉടമ സംഭവം അറിയുകയും തട്ടിപ്പ് വെളിച്ചത്താകുകയും ചെയ്തതോടെയാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചത്.

അഞ്ജുവിന്റെ മരണത്തെ തുടർന്ന് ആശുപത്രിയിലുള്ള ഐശ്വര്യയുടെ മൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ജുവിന്റെ ഭർത്താവും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. വിഴിഞ്ഞം എസ്.എച്ച്‌.ഓ (SHO) വി.ഡി. റെജി രാജിന്റെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. മരണപ്പെട്ട അഞ്ജുവിന് അഥർവ് (5) എന്നൊരു മകനുണ്ട്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും