ജർമനിയിൽ വെടിവെപ്പ്: 6 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

ബെർലിൻ: വടക്കൻ ജർമനിയിലെ സ്റ്റേഡ് നഗരത്തിലുണ്ടായ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. നഗരത്തിലെ യുവജന കേന്ദ്രത്തിന് സമീപമാണ് വെടിവെപ്പുണ്ടായത്. ഹാംബർഗിന് പടിഞ്ഞാറ് ഭാഗത്തുള്ള സ്റ്റേഡ് ഏകദേശം 50,000 ജനസംഖ്യയുള്ള ഒരു നഗരമാണ്.

അറസ്റ്റ് ചെയ്തവരിൽ പ്രധാന പ്രതിയും ഉൾപ്പെടുന്നതായി പോലീസ് അറിയിച്ചു. പ്രദേശത്ത് നിലവിൽ അപകട സാഹചര്യമില്ലെന്നും പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയില്ലെന്നും പോലീസ് പറഞ്ഞു. എന്നാൽ ആളുകളോട് ആ പ്രദേശത്ത് മാറിനിൽക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വെടിവെപ്പ് നടന്ന പ്രദേശത്ത് ഒരു ഡേ കെയറും സ്‌കൂളും ഉണ്ടായിരുന്നു. ഇവിടെയുള്ളവരെല്ലാം സുരക്ഷിതരാണെന്ന് ജർമൻ അധികൃതർ അറിയിച്ചു.

ജർമനിയിൽ കൂട്ട വെടിവയ്പ്പ് സംഭവങ്ങൾ അപൂർവമാണ്. രാജ്യത്ത് കർശനമായ തോക്ക് ഉടമസ്ഥാവകാശ നിയമങ്ങൾ നിലവിലുണ്ട്.

മുമ്പ് 2023 മാർച്ചിലാണ് ജർമനിയില്‍ സമാനമായ രീതിയിൽ വലിയൊരു വെടിവെപ്പ് ഉണ്ടായത്. അന്ന് ഹാംബർഗിൽ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിലേക്ക് മുൻ അംഗമായിരുന്ന ഒരാൾ വെടിയുതിർക്കുകയും ആറുപേരെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയുമായിരുന്നു.

*ഐ. പി. സി പിളരുമോ ?*