പാസ്റ്റർ ലിജോ ജോസഫ്
തടിയൂർ
ക്രൈസ്തവ സമൂഹത്തിൽ തലമുറകളായി ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് ആഭരണം ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും. ചില സഭാപാരമ്പര്യങ്ങളിൽ ആഭരണവർജ്ജനം വിശുദ്ധജീവിതത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുമ്പോൾ, മറ്റു പല ക്രൈസ്തവ സമൂഹങ്ങളും അതിനെ വ്യക്തിപരമായ തിരഞ്ഞെടുപ്പായി മാത്രം കാണുന്നു. ഈ വ്യത്യസ്ത നിലപാടുകൾക്കിടയിൽ ഒരു അടിസ്ഥാന ചോദ്യം വീണ്ടും ഉയരുന്നു:
സ്വർണ്ണം ഊരുന്നതോ ഇടുന്നതോ നിത്യജീവനുമായിരക്ഷയുമായി ബന്ധമുള്ള കാര്യമാണോ?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെങ്കിൽ ആദ്യം Doctrine (ഉപദേശം) ഉം .Discipline (ജീവിതക്രമം) ഉം തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം.
Doctrine ആണോ, Discipline ആണോ?
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന ഉപദേശങ്ങൾ വ്യക്തമായ ബൈബിൾ വെളിപ്പെടുത്തലുകളിൽ അധിഷ്ഠിതമാണ്. യേശുക്രിസ്തുവും അപ്പോസ്തലന്മാരും പഠിപ്പിച്ചതും ആദിമസഭ വിശ്വാസത്തിന്റെ അവിഭാജ്യഘടകമായി സ്വീകരിച്ചതുമായ കാര്യങ്ങളെയാണ് Doctrine അഥവാ ഉപദേശം എന്നു വിളിക്കുന്നത്.
ആഭരണവർജ്ജനത്തിന്റെ കാര്യത്തിൽ ഈ മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ ഒരു വസ്തുത വ്യക്തമാണ്. യേശുക്രിസ്തു ഒരിടത്തും ആഭരണം ഉപേക്ഷിക്കുന്നത് രക്ഷയുടെ നിബന്ധനയായി പഠിപ്പിച്ചിട്ടില്ല. അപ്പോസ്തലന്മാരും അതിനെ സുവിശേഷത്തിന്റെ കേന്ദ്രസന്ദേശമാക്കിയിട്ടില്ല. ആദിമസഭയുടെ വിശ്വാസപ്രഖ്യാപനങ്ങളിലും അതിന് അത്തരം സ്ഥാനം കാണുന്നില്ല.
അതുകൊണ്ടു തന്നെ പല ദൈവശാസ്ത്രജ്ഞരും ആഭരണവർജ്ജനത്തെ ഒരു Doctrine എന്നതിലുപരി ഒരു Discipline – അഥവാ സഭാപരമായ ജീവിതക്രമം – എന്ന നിലയിലാണ് കാണുന്നത്.
ബൈബിൾ യഥാർത്ഥത്തിൽ എന്താണ് പഠിപ്പിക്കുന്നത്?
1 പത്രോസ് 3:3-4 ഉം 1തിമൊഥെയോസ് 2:9-10 ഉം പലപ്പോഴും ഈ ചർച്ചയിൽ ഉദ്ധരിക്കപ്പെടുന്നു. എന്നാൽ ഈ വാക്യങ്ങളുടെ പ്രധാന ഊന്നൽ ആഭരണനിരോധനത്തിലല്ല. മറിച്ച്, ബാഹ്യ അലങ്കാരത്തേക്കാൾ ആന്തരിക സൗന്ദര്യത്തിനും വിശുദ്ധിക്കും പ്രാധാന്യം നൽകേണ്ടതാണെന്ന സന്ദേശത്തിലാണ്.
വിലയേറിയ വസ്ത്രങ്ങളോ ആഭരണങ്ങളോ അല്ല, വിനയവും ശാന്തതയും ദൈവഭക്തിയുമാണ് ഒരു വിശ്വാസിയുടെ യഥാർത്ഥ അലങ്കാരം എന്ന് പത്രോസും പൗലോസും ഓർമ്മിപ്പിക്കുന്നു.
ബൈബിളിലെ ആഭരണങ്ങളുടെ സ്ഥാനം ബൈബിളിൽ ആഭരണങ്ങളെ പാപത്തിന്റെ പ്രതീകമായി മാത്രം അവതരിപ്പിക്കുന്നില്ല.
അബ്രഹാമിന്റെ ദാസൻ റിബെക്കയ്ക്ക് മൂക്കുത്തിയും വളകളും നൽകി. യോസേഫിന് ഫറവോൻ തന്റെ മോതിരം അണിയിച്ചു. ധൂർത്തപുത്രന്റെ ഉപമയിൽ മകന്റെ മടങ്ങിവരവിന്റെ സന്തോഷത്തിൽ പിതാവ് അവന്റെ കൈയിൽ മോതിരം ഇടുവാൻ കല്പിച്ചു.
ഈ സംഭവങ്ങളിലൊന്നും ആഭരണം പാപത്തിന്റെ അടയാളമായി ചിത്രീകരിക്കപ്പെട്ടിട്ടില്ല.
അതേസമയം, അഹങ്കാരത്തിന്റെയും ആഡംബരത്തിന്റെയും പ്രകടനമായി ആഭരണം ഉപയോഗിക്കുമ്പോൾ ബൈബിൾ അതിനെ വിമർശിക്കുന്നതും പാപവുംമായി കാണാം (യെശയ്യാവ് 3). അതിനാൽ ബൈബിളിന്റെ ശ്രദ്ധ ആഭരണത്തിലല്ല; അത് ധരിക്കുന്ന വ്യക്തിയുടെ ഹൃദയനിലപാടിലാണ്. അഹങ്കാരത്തിന്റെയും സ്വയംപ്രദർശനത്തിന്റെയും ഉപാധിയായി അത് മാറുമ്പോൾ ബൈബിൾ അതിനെ വിമർശിക്കുന്നു.
ദൈവത്തിന്റെ ശ്രദ്ധ സ്വർണ്ണത്തിലല്ല; സ്വർണ്ണം ധരിക്കുന്ന ഹൃദയത്തിലാണ്.
രക്ഷയുടെ മാനദണ്ഡം എന്താണ്?
രക്ഷ ആഭരണം ധരിക്കുന്നതിലോ ധരിക്കാതിരിക്കുന്നതിലോ ആണെങ്കിൽ, ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹങ്ങളിൽ ഒരുവിഭാഗം മുഴുവനായും തെറ്റാണെന്ന് നാം പറയേണ്ടിവരും.
എന്നാൽ ബൈബിൾ പഠിപ്പിക്കുന്നത് മറ്റൊന്നാണ്:
“കൃപയാലാണ് നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്.” (എഫെസ്യർ 2:8)
രക്ഷ ലഭിക്കുന്നത് കൃപയാൽ, വിശ്വാസം മൂലം, യേശുക്രിസ്തുവിലൂടെയാണ്. മനുഷ്യന്റെ ബാഹ്യരൂപമോ വസ്ത്രധാരണമോ ആഭരണമോ അല്ല, എല്ലാം മാന്യവും ദൈവഭക്തി ഉള്ളതും ആയിരിക്കണം . ക്രിസ്തുവുമായുള്ള ബന്ധമാണ് നിത്യജീവന്റെ അടിസ്ഥാനം. സ്വർണ്ണം ഊരിയ ഒരാൾക്ക് അഹങ്കാരവും അസൂയയും വൈരാഗ്യവും ഉണ്ടാകാം.അതേസമയം സ്വർണ്ണം ധരിക്കുന്ന ഒരാൾ വിനയവും സ്നേഹവും ദൈവഭക്തിയും നിറഞ്ഞ ജീവിതം നയിക്കാനും കഴിയും.
ദൈവം മനുഷ്യൻ കാണുന്നതുപോലെ കാണുന്നില്ല. മനുഷ്യൻ പുറമെയുള്ളത് നോക്കുമ്പോൾ ദൈവം ഹൃദയത്തെയാണ് പരിശോധിക്കുന്നത്. ആത്മീക വളർച്ചയുടെ ഭാഗമായി ആഭരണ വർജ്ജനത്തെ Discipline- ആയി കാണാം , അതാണ് പിതാക്കൻമാർ ചെയ്തത് ,
സഭകൾക്ക് അവരുടെ ചരിത്രപരവും ആത്മീയവുമായ കാരണങ്ങളാൽ ചില ജീവിതക്രമങ്ങൾ ഉണ്ടായിരിക്കാം. ചിലർ ആഭരണം ഉപേക്ഷിക്കുന്നത് ലാളിത്യത്തിന്റെ പ്രകടനമായി കാണുന്നു. ചിലർ പ്രത്യേക വസ്ത്രധാരണം പിന്തുടരുന്നു. ചിലർ മറ്റ് ആത്മീയ ശീലങ്ങൾ പാലിക്കുന്നു.
ഇത്തരം Discipline-കളെ ബഹുമാനിക്കുന്നത് ക്രിസ്തീയ പക്വതയുടെ ഭാഗമാണ്. എന്നാൽ ഒരു Discipline-നെ സുവിശേഷത്തിന്റെ കേന്ദ്രസത്യത്തിന് സമാനമായ സ്ഥാനത്തേക്ക് ഉയർത്തുന്നത് അപകടകരമാണ്.
കാരണം ക്രിസ്തു നമ്മെ വിളിച്ചിരിക്കുന്നത് ആദ്യം ഹൃദയപരിവർത്തനത്തിലേക്കാണ്; പുറമെയുള്ള മാറ്റങ്ങളിലേക്കല്ല.
സ്വർണ്ണം ധരിച്ചതുകൊണ്ട് ആരും നരകത്തിൽ പോകുന്നില്ല. സ്വർണ്ണം ഊരിയതുകൊണ്ട് ആരും സ്വർഗ്ഗത്തിൽ പോകുന്നുമില്ല. നിത്യതയുടെ വാതിൽ തുറക്കുന്നത് ആഭരണപ്പെട്ടിയുടെ താക്കോൽ കൊണ്ടല്ല; ക്രൂശിന്റെ അടുക്കൽ വിശ്വാസത്തോടെ എത്തുന്ന ഹൃദയം കൊണ്ടാണ്.
ഒരു ദിവസം നാം ദൈവസന്നിധിയിൽ നിൽക്കുമ്പോൾ, അവിടുന്ന് ചോദിക്കുക നമ്മുടെ കൈയിൽ എത്ര വളകൾ ഉണ്ടായിരുന്നു എന്നല്ല; നമ്മുടെ ഹൃദയത്തിൽ എത്ര വിശ്വാസം ഉണ്ടായിരുന്നു എന്നായിരിക്കും. കഴുത്തിൽ സ്വർണ്ണമാല ഉണ്ടായിരുന്നോ എന്നല്ല; ജീവിതത്തിൽ ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിച്ചിരുന്നോ എന്നായിരിക്കും.
ക്രിസ്തീയ വിശ്വാസത്തിന്റെ യഥാർത്ഥ അടയാളം ആഭരണങ്ങളുടെ അഭാവമല്ല; ക്രിസ്തുവിന്റെ സാന്നിധ്യമാണ്. യഥാർത്ഥ വിശുദ്ധി കൈകളിൽ നിന്ന് സ്വർണ്ണം മാറ്റുന്നതിലല്ല, ഹൃദയത്തിൽ നിന്ന് പാപം മാറ്റുന്നതിലാണ്.
അതിനാൽ ആഭരണം ധരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. എന്നാൽ ഒരു കാര്യത്തിൽ എല്ലാ വിശ്വാസികളും ഒന്നിക്കണം:
നിത്യജീവൻ ലഭിക്കുന്നത് സ്വർണ്ണം ഊരുന്നതിലൂടെയല്ല; യേശുക്രിസ്തുവിനെ സ്വീകരിച്ച് അവനോടൊപ്പം നടക്കുന്നതിലൂടെയാണ്.




