കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ സര്‍വേയില്‍ വൻ പിന്തുണ വിഡി സതീശന്

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ സർവേയില്‍ വൻ പിന്തുണ വിഡി സതീശന്.

92000 പേർ പങ്കെടുത്ത ഓണ്‍ലൈൻ സർവേയില്‍ 87 ശതമാനം ആളുകളാണ് വി ഡി സതീശൻ അടുത്ത മുഖ്യമന്ത്രിയാവണമെന്ന് അഭിപ്രായം പ്രകടിപ്പിച്ചത്. 8 ശതമാനം ആളുകള്‍ രമേശ് ചെന്നിത്തലയ്ക്കും 5 ശതമാനം ആളുകള്‍ കെ സി വേണുഗോപാലിനും പിന്തുണ അഭിപ്രായത്തിലൂടെ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏഴു ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ വിമർശനം പാർട്ടിക്കുള്ളില്‍ ശക്തമാണ്.

എംഎല്‍എമാർക്കിടയില്‍ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നാണ് വി ഡി സതീശൻ വിശദമാക്കിയത്. എല്ലാ എംഎല്‍എമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും വി ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. തൻറെ കണക്കുകൂട്ടല്‍ കൃത്യമായിരുന്നു. അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു. അതേസമയം എംഎല്‍എമാർക്കു പുറമെ എംപിമാരിലും ഭൂരിപക്ഷം കെസി വേണുഗോപാലിനെന്നാണ് നിരീക്ഷകർ വിശദമാക്കുന്നത്. എന്നാല്‍ തൻറെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുള്ളത്. കടുത്ത നിലപാട് സ്വീകരിക്കും എന്ന് സതീശൻ പറഞ്ഞതോടെയാണ് ഹൈക്കമാൻഡില്‍ വീണ്ടും കൂടിയാലോചന നടത്തിയ ശേഷമാകും കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുക.

എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയില്‍, തിരഞ്ഞെടുക്കപ്പെട്ട 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരും വേണുഗോപാലിന്‍റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.മുഖ്യമന്ത്രി പദത്തിലേക്ക് ശക്തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടിയാണ് എംഎല്‍എമാരുടെ നിലപാട് നല്‍കുന്നത്. ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ സി ബാലകൃഷ്ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണച്ചതായാണ് റിപ്പോർട്ട്. ചെന്നിത്തലയ്ക്ക് എട്ട് എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

ജനപ്രിയ മുഖമായി ഉയർത്തിക്കാട്ടപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എംഎല്‍എമാർ പിന്തുണച്ചു. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ കെ സി വേണുഗോപാല്‍ കൂടിക്കാഴ്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു. വി ഡി സതീശന് വേണ്ടി വാദിക്കുന്ന മുസ്ലിം ലീഗ്, ഹൈക്കമാൻഡ് തീരുമാനം വന്ന ശേഷം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന വിമർശനം ഇതിനകം തന്നെ ലീഗിനുള്ളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉയർന്നിട്ടുണ്ട്.