ഇറാക്ക് പോലും അറിഞ്ഞില്ല : ഇറാക്കി മരുഭൂമിയില്‍ ഇസ്രയേലിന്റെ രഹസ്യ ബേസ്

ടെല്‍ അവീവ്: ഇറാനെതിരെ വ്യോമാക്രമണങ്ങള്‍ നടത്തുന്നതിന് പടിഞ്ഞാറൻ ഇറാക്കിലെ വിദൂര മരുഭൂമിയില്‍ ഇസ്രയേല്‍ ഒരു രഹസ്യ താത്കാലിക സൈനിക ബേസ് സ്ഥാപിച്ചിരുന്നതായി റിപ്പോർട്ട്.

ഇറാനെതിരായ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് യു.എസിന്റെ അറിവോടെയാണ് ഇസ്രയേല്‍ ഈ കേന്ദ്രം സ്ഥാപിച്ചതെന്നും ഇറാക്കിന് അറിവില്ലായിരുന്നെന്നും അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

ഇസ്രയേല്‍ ഇവിടെ തങ്ങളുടെ പ്രത്യേക സേനയെ പാർപ്പിച്ചെന്നും വ്യോമസേനയുടെ ലോജിസ്റ്റിക്കല്‍ ഹബ്ബായി ഇവിടം പ്രവർത്തിച്ചെന്നും പറയുന്നു. ഇസ്രയേലി പൈലറ്റുമാരെ സഹായിക്കാൻ നിയോഗിക്കപ്പെട്ട തിരച്ചില്‍-രക്ഷാ സംഘങ്ങളും ഇവിടെ വിന്യസിക്കപ്പെട്ടിരുന്നു.

അതേ സമയം, പ്രദേശത്ത് ഹെലികോപ്റ്ററുകള്‍ വരുന്നതും അസാധാരണമായ സൈനിക പ്രവർത്തനങ്ങള്‍ നടക്കുന്നതും മാർച്ച്‌ ആദ്യം ഒരു ആട്ടിടയന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇദ്ദേഹം നല്‍കിയ വിവരമനുസരിച്ച്‌ ഇറാക്കി സൈന്യം ഇവിടേക്ക് അന്വേഷണത്തിനായി പുറപ്പെട്ടു. സൈനിക കേന്ദ്രം കണ്ടെത്താതിരിക്കാൻ ഇസ്രയേല്‍ ഇറാക്കി സൈന്യത്തിന് നേരെ വ്യോമാക്രമണം നടത്തിയെന്നും ഒരു സൈനികൻ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടില്‍ പറയപ്പെടുന്നു.

ഇസ്രയേല്‍ സൈന്യം ഇവിടെ നിന്ന് പോയ ശേഷം നടന്ന തെരച്ചിലില്‍ ബേസ് സ്ഥിതിചെയ്തിരുന്നു എന്നതിന്റെ തെളിവുകള്‍ ഇറാക്ക് കണ്ടെത്തിയെന്നും പറയപ്പെടുന്നു. റിപ്പോർട്ടിനോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.