സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം അര്‍ധരാത്രി 12 മണിവരെ നീട്ടിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ക്രൈസ്തവ സഭകള്‍ രംഗത്ത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അവിശുദ്ധ ഇടപാടാണ് ബാര്‍ സമയം നീട്ടിയതിന് പിന്നിലെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ആരോപിച്ചു. വിനോദസഞ്ചാരികളുടെ മറവില്‍ മദ്യവില്‍പ്പന വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സമിതി കുറ്റപ്പെടുത്തി.
വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് മദ്യപിക്കാനല്ല, മറിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാനാണെന്ന് കെ.സി.ബി.സി. വ്യക്തമാക്കി. “പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന” സമീപനമാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ മാറ്റം ഒരു ‘തിരഞ്ഞെടുപ്പ് ഡീൽ’ ആണോ എന്ന് സംശയിക്കുന്നതായും മദ്യവിരുദ്ധ സമിതി പറഞ്ഞു. ബാറുകളുടെ സമയം വര്‍ധിപ്പിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ബാറുകളുടെ സമയപരിധി നീട്ടിയതിനെതിരെ ഓര്‍ത്തഡോക്സ് സഭയും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബാറില്‍ കിടന്ന് ഉറങ്ങണമെന്നാണോ യുവതലമുറയോട് സര്‍ക്കാര്‍ പറയുന്നതെന്ന് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍ ചോദിച്ചു. പുതിയ മദ്യനയം കേരളത്തിന്റെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും ഏതാനും ബാര്‍ മുതലാളിമാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരു തലമുറയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തലമുറയെ നശിപ്പിച്ചിട്ടാണോ സര്‍ക്കാര്‍ ഖജനാവ് വീര്‍പ്പിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ബാര്‍ സമയം നീട്ടിയ നടപടിയെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ന്യായീകരിച്ചു. മദ്യനയം നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചതാണെന്നും ബാര്‍ സംഘടനകളുടെ ആവശ്യം മാത്രം പരിഗണിച്ചല്ല നടപടിയെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖല ലക്ഷ്യമിട്ട് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കൂടുതല്‍ വിശദീകരണം വേണമെങ്കില്‍ എല്‍.ഡി.എഫ്. ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



