കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വരുന്നു

ന്യൂഡല്‍ഹി: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. 16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി 2021-ലെ ഇൻഫർമേഷൻ ടെക്നോളജി നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രത്തിന്റെ നീക്കം.

ഓസ്ട്രേലിയ നടപ്പിലാക്കിയ മാതൃകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നടപടിയെങ്കിലും ഇന്ത്യയില്‍ സമ്പൂർണ്ണ നിരോധനം ഉണ്ടായേക്കില്ലെന്നാണ് സൂചന.

ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം സ്ഥിരീകരിച്ചു. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും, പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം വേണമെന്ന കാര്യത്തില്‍ ചർച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പല വിദേശ രാജ്യങ്ങളും ഇത്തരം നിയന്ത്രണങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവില്‍ ഇന്ത്യൻ നിയമങ്ങളില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് പ്രത്യേക നിയന്ത്രണങ്ങളില്ല. എന്നാല്‍ ഗോവ, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും കണക്കിലെടുത്ത് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തിടെയാണ് 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ഓസ്ട്രേലിയ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയത്. ഫ്രാൻസ് 15 വയസ്സിന് താഴെയുള്ളവർക്കായി സമാനമായ നിരോധന ബില്‍ പാസാക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും സ്പെയിനും നിയന്ത്രണം കൊണ്ടുവരാനുള്ള ആലോചനയിലാണ്. ഈ ആഗോള സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇന്ത്യയും നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.