ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി ഗ്രേറ്റർ നോയിഡ ആസ്ഥാനമായുള്ള ഗാല്‍ഗോട്ടിയാസ് സർവകലാശാല.
എക്സ്പോ ഏരിയ ഒഴിയാൻ ഗാല്‍ഗോട്ടിയാസ് സർവകലാശാലയോട് ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് നിർമ്മിത റോബോട്ടിക് നായയെ സർവകലാശാലയുടെ സെന്റർ ഓഫ് എക്സലൻസ് വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നമായി അവതരിപ്പിച്ചതാണ് നാണക്കേടായത്. നായയുടെ വീഡിയോ വൈറല്‍ ആയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ചൈനീസ് റോബോട്ടിക്സ് കമ്പനിയായ യൂണിട്രീയുടെ മോഡലായ യൂണിട്രീ ഗോ2 ആണ് ഗാല്‍ഗോട്ടിയാസ് സർവകലാശാല തങ്ങളുടെ സെന്റർ ഓഫ് എക്സലൻസ് വികസിപ്പിച്ചെടുത്തതായി ഇന്ത്യ എഐ ഇംപാക്‌ട് എക്സ്പോയില്‍ കാണിച്ചിരുന്നത്. ഇന്ത്യയില്‍ ഓണ്‍ലൈനില്‍ 2 ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെ വിലയ്ക്ക് ഈ റോബോട്ടിക് നായ ലഭിക്കും.
ഉച്ചകോടിയില്‍ ഈ റോബോർട്ടിനെ ‘ഓറിയോണ്‍’ എന്ന പേരില്‍ പ്രദർശിപ്പിക്കുകയായിരുന്നു. പിന്നാലെ സർവകലാശാല പ്രതിനിധിയായി ഉണ്ടായിരുന്ന ഒരു സ്ത്രീ റോബോട്ടിന്റെ സവിശേഷതകള്‍ വിശദീകരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചു. ഗാല്‍ഗോട്ടിയാസ് യൂണിവേഴ്സിറ്റിയുടെ സെന്റർ ഓഫ് എക്സലൻസാണ് ‘ഓറിയോണ്‍’ വികസിപ്പിച്ചെടുത്തതെന്ന് അവർ പറയുന്നത് വിഡിയോയില്‍ ദൃശ്യമാണ്.
മറ്റൊരു വിഡിയോ ക്ലിപ്പില്‍, ഒരു യൂണിവേഴ്സിറ്റി പ്രൊഫസർ ഇതേ അവകാശവാദം ഉന്നയിക്കുന്നതും, റോബോട്ട് സെന്റർ ഓഫ് എക്സലൻസില്‍ നിർമ്മിച്ചതാണെന്ന് ഒരു റിപ്പോർട്ടറോട് പറയുന്നതും കാണാം. എന്നാല്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഉപയോക്താക്കള്‍ ഇത് Unitree Go2 ആണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു. വിദേശ സാങ്കേതികവിദ്യയെ ഇന്ത്യൻ കണ്ടുപിടുത്തമായി സർവകലാശാല അവതരിപ്പിക്കുകയാണെന്നും നെറ്റിസണ്‍സ് കണ്ടെത്തി.
അതേസമയം, ഉപകരണം നിർമ്മിച്ചതായി തങ്ങള്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് ഗാല്‍ഗോട്ടിയാസ് സർവകലാശാല ട്വിറ്ററില്‍ പറഞ്ഞു. റോബോട്ടിക് നായയെ യൂണിറ്റീയില്‍ നിന്ന് വാങ്ങിയതാണെന്നും വിദ്യാർഥികള്‍ക്കുള്ള പഠനോപകരണമായി മാത്രമാണ് ഇത് ഉപയോഗിക്കുന്നതെന്നും അവർ അവകാശപ്പെട്ടു. എന്നാല്‍ പ്രചരിച്ച വിഡിയോയില്‍ ഇത്തരം അവകാശവാദം ഉന്നയിക്കുന്നതായും ഓറിയോണ്‍ എന്ന പേര് നല്‍കിയതായും നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി.



