ഷാർജ: പാസ്റ്റർ ഗ്ലാഡ്സൺ വർഗീസിന് എമിറേറ്റ്സ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (ECF) സഭ വൈകാരികമായ യാത്രയയപ്പ് നൽകി. 2017 മുതൽ 2020 വരെ മൂന്ന് വർഷത്തെ കാലയളവിലേക്കാണ് അദ്ദേഹത്തെ സഭാ നിയമിച്ചത്. എന്നാൽ സഭ കടന്നുപോയ പ്രതിസന്ധി ഘട്ടത്തിൽ, തന്റെ കാലാവധി കഴിഞ്ഞിട്ടും സഭയുടെ ആവശ്യപ്രകാരം ശുശ്രൂഷ തുടരുകയും, എട്ട് വർഷം വിശ്വസ്തമായ പാസ്റ്ററൽ സേവനം പൂർത്തിയാക്കുകയും ചെയ്തു.
തന്റെ ശുശ്രൂഷാ കാലഘട്ടത്തിൽ സഭ കടന്നുപോയ സാഹചര്യങ്ങളിൽ എല്ലാം, പൂർണ്ണമായ ആത്മീയവും ഭരണപരവുമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത്, ദൃഢനിശ്ചയത്തോടും ത്യാഗപരമായ നേതൃത്വത്തോടും കൂടി അദ്ദേഹം സഭയെ നയിച്ചു. ചർച്ച് ഓഫ് ഗോഡ് (COG) ശുശ്രൂഷാ ചുമതലകൾ വഹിക്കുന്നതുമായി ബന്ധപെട്ടു താൻ സ്വമേധയ സ്ഥാനം ഒഴിയുകയാരുന്നു.
ഡിസംബർ 28 ഞായർ നടന്ന പ്രത്യേക സഭായോഗത്തിൽ കാനഡയിലെ ടൊറന്റോയിൽ പ്രവർത്തിക്കുന്ന കേരള ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്റർ സ്റ്റീവ് ജോർജ് മുഖ്യപ്രഭാഷകനായി പങ്കെടുത്തു. ആത്മീയമായി ഉത്തേജനം നൽകുന്ന സന്ദേശമാണ് അദ്ദേഹം പങ്കുവെച്ചത്.
ഈ ശുഭാവസരത്തിൽ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് പ്രാർഥിച്ച് പാസ്റ്റർ ജെയിംസ് മാത്യുവിനെ ECF ന്റെ പുതിയ പാസ്റ്ററായി ഔദ്യോഗികമായി ഭരമേൽപ്പിച്ചു.
അതോടൊപ്പം, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് ദുബായിലെ പെനീയേൽ ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിക്കുമ്പോൾ തന്നെ, ചർച്ച് ഓഫ് ഗോഡിലെ തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമെന്നും അറിയിച്ചു.
ഈ കാലങ്ങളിൽ ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന ശക്തനായ വചന പ്രഭാഷകനായ ആയ പാസ്റ്റർ ഗ്ലാഡ്സൺ വർഗീസിന് എല്ലാവിധ അനുഗ്രഹങ്ങളും ആശംസിച്ചു യാത്രയയപ്പ് സമ്മേളനം പര്യവസാനിച്ചു.



