ന്യൂയോർക്ക് : അന്താരാഷ്ട്ര നിയമങ്ങൾ അട്ടിമറിച്ച് വെനസ്വേലയെ ആക്രമിച്ചതിനു പിന്നാലെ മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കുനേരെ ഭീഷണി ഉയർത്തി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊളംബിയ, ക്യൂബ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കു നേരെയാണ് ട്രംപിന്റെ ഭീഷണി. അടുത്ത ആക്രമണങ്ങൾ ഇവിടങ്ങളിലായിരിക്കുമെന്ന തരത്തിലാണ് ട്രംപിന്റെ ഭീഷണി. ഈ രാജ്യങ്ങൾ ലഹരിമരുന്ന് നിർമാണത്തിനും കടത്തിനും സഹായിക്കുന്നുവെന്ന് ട്രംപ് ആരോപിക്കുന്നു. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘അവർ കൊക്കെയ്ൻ ഉണ്ടാക്കി അമേരിക്കയിലേക്ക് അയയ്ക്കുന്നു. അതിനാൽ അവരെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്’ -ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലഹരി മരുന്നിനെതിരെയുള്ള പോരാട്ടമെന്ന പേരിൽ കരീബിയൻ മേഖലയിൽ വെനസ്വേലൻ കപ്പലുകളെ ആക്രമിക്കുന്ന അമേരിക്കൻ നടപടിക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച ഭരണാധികാരിയാണ് പെട്രോ. ഓപറേഷൻ അബ്സൊല്യൂട്ട് റിസോൾവ് എന്ന പേരിൽ നിയമങ്ങൾ ലംഘിച്ച് കടന്നാക്രമണം നടത്തിയാണ് നികളസ് മദുറോയേയും ഭാര്യയെയും യു.എസ് തടവിലാക്കിയത്.
യുദ്ധക്കപ്പലിൽ കൈകൾ കെട്ടി കണ്ണുകൾ മൂടിയ നിലയിലുള്ള മദുറോയുടെ ചിത്രം ട്രംപ് പങ്കുവച്ചിരുന്നു. ഇരുവരെയും ചോദ്യം ചെയ്യാനായി ന്യൂയോർക്കിലെ ഡിറ്റൻഷൻ സെന്‍ററിലെത്തിച്ചു. ട്രംപിന്റെ നടപടിക്കെതിരെ ലോകവ്യാപകമായി ശക്തമായ പ്രതിഷേധമാണുയരുന്നത്. ആയുധ- ലഹരിക്കടത്ത് കുറ്റങ്ങളാണ് വെനസ്വേലൻ പ്രസിഡന്റിനെതിരെ ചുമത്തിയിരിക്കുന്നത്. ഭരണം അട്ടിമറിക്കാൻ നടത്തിയ സമ്മർദതന്ത്രങ്ങൾ പരാജയപ്പെട്ടതോടെയാണ് അന്താരാഷ്‌ട്ര നിയമങ്ങളും ജനാധിപത്യമൂല്യങ്ങളും കാറ്റിൽപ്പറത്തിയുള്ള യു.എസ് സേനയുടെ നടപടി.
യുഎസിന്റെ പിടിയിലായതിനുശേഷം വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയുടെ ആദ്യപ്രതികരണം ‘‘ഹാപ്പി ന്യൂ ഇയർ’’ എന്നായിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് ഡ്രഗ് എൻഫോഴ്സ്മെൻ്റ് അഡ്മിനിസ്ട്രേഷൻ (DEA) ഉദ്യോഗസ്ഥർ വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ അവരുടെ ആസ്ഥാനത്തിനുള്ളിലൂടെ കൊണ്ടുപോകുന്നതിൻ്റെ വീഡിയോകൾ ഉൾപ്പെടെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.



