സര്‍ക്കാര്‍ തലയ്ക്ക് വിലയിട്ട 49 പേരുള്‍പ്പടെ 103 മാവോയിസ്റ്റുകള്‍ ആയുധം വെച്ച്‌ കീഴടങ്ങി

റായ്പൂർ: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മാവോയിസ്റ്റുകള്‍ കീഴടങ്ങുന്നത്.

103 മാവോയിസ്റ്റുകള്‍ ആണ് ഛത്തീസ്ഗഡില്‍ കീഴടങ്ങിയിട്ടുള്ളത്. ഇവരില്‍ തലയ്ക്ക് സർക്കാർ വിലയിട്ട 49 പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ബീജാപൂരില്‍ വെച്ചാണ് ആയുധം വെച്ച്‌ ഇവർ കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ 23 പേർ സ്ത്രീകളാണ്. കീഴടങ്ങിയിട്ടുള്ളവരില്‍ ചിലർ സിപിഐ മാവോയിസ്റ്റിന്റെ ദണ്ഡകാരണ്യ മേഖല ചുമതലയുള്ളവരും വിവിധ പോഷക സംഘടനകളുടെ ചുമതലയുള്ള നേതാക്കളുമാണെന്ന് ഛത്തീസ്ഗഡ് പോലീസ് വ്യക്തമാക്കി. കീഴടങ്ങിയ എല്ലാവർക്കും സർക്കാർ പദ്ധതി പ്രകാരം അരലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം ബീജാപ്പൂർ ഉള്‍പ്പെടുന്ന ബസ്തർ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിച്ചേരും.

അതേസമയം, മാവോയിസ്റ്റുകളുമായി യാതൊരു സന്ധി സംഭാഷണത്തിനും ഇല്ലെന്ന് കഴിഞ്ഞ ദിവസം അമിത്ഷാ നിലപാടറിയിച്ചിരുന്നു. മാവോയിസ്റ്റുകളുമായി വെടിനിർത്തല്‍ ഇല്ലെന്നും ആയുധം വെച്ച്‌ കീഴടങ്ങേണ്ടവർക്ക് കീഴടങ്ങാമെന്നുമായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ഇതിനിടെ ഛത്തീസ്ഗഡില്‍ ഈ വർഷം ഇതുവരെ 252 മാവോയിസ്റ്റുകളെ വധിച്ചെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു.

വെടിനിർത്തല്‍ നടപ്പാക്കി ചർച്ച തുടരുണമെന്ന സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ആവശ്യം അംഗീകരിയ്ക്കാതെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നത്. സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ കീഴടങ്ങണം. വെടിനിര്‍ത്തലുണ്ടാകില്ല. കീഴടങ്ങണമെങ്കില്‍ വെടിനിര്‍ത്തലിന്റെ ആവശ്യമില്ല. നിങ്ങളുടെ ആയുധം വെച്ച്‌ കീഴടങ്ങുക. പോലീസ് നിങ്ങള്‍ക്കുനേരെ ഒരു വെടിപോലുമുതിര്‍ക്കില്ലെന്നുമായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്.

മാവോയിസ്റ്റ് മുക്തമാക്കി രാജ്യത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം. 2026 മാർച്ചോടെ മാവോയിസ്റ്റ് മുക്ത ഇന്ത്യ നടപ്പാക്കുമെന്നാണ് ആഹ്വാനം. ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് വേട്ടസുരക്ഷസേന കടുപ്പിച്ചിരുന്നു. ഛത്തീസ്ഗഡിലെ പരമ്ബരാഗത മാവോയിസ്റ്റ് കേന്ദ്രങ്ങള്‍ അടക്കം സേന തകർത്തിരുന്നു. ഇതിനിടെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന മാവോയിസ്റ്റ് നേതാവിന്റെ കത്ത് പുറത്തുവന്നത്. സുരക്ഷസേനയുടെ നടപടികള്‍ക്കെതിരെ സിപിഐ അടക്കം ഇടതുപാർട്ടികള്‍ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഇതിനെയും അമിത് ഷാ തള്ളുകയാണ്.യതൊരു അനുനയവും ഇല്ലെന്ന് സന്ദേശമാണ് മാവോയിസ്റ്റുകള്‍ക്ക് കേന്ദ്രം ഇതോടെ നല്‍കുന്നത്. ഇതിനിടെ ഛത്തീസ്ഗഡില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇതോടെ ഈ വർഷം മാത്രം 252 മവോയിസ്റ്റുകളെ സംസ്ഥാനത്ത് കൊലപ്പെടുത്തി എന്നാണ് സർക്കാർ പുറത്തുവിട്ട കണക്ക്.