ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരൻ. ദൈവത്തിന്‍റെ പണം മോഷ്ടിക്കാൻ മടിയില്ലാത്ത ആളുകള്‍ ദേവസ്വം ബോർഡിലേക്ക് വരുന്നുണ്ടെന്നും രാഷ്ട്രീയ പ്രതിനിധികളെന്ന പേരിലാണ് കടന്നു വരുന്നതെന്നും ജി സുധാകരൻ ആരോപിച്ചു.
സത്യസന്ധവും ജനങ്ങള്‍ക്ക് വിശ്വാസമുള്ളതും സർക്കാരിൻ്റെ പ്രതിഛായ വർധിപ്പിക്കുന്നതുമായ അന്വേഷണം വേണം. മന്ത്രിയായി അവിടെ പോയി സാഷ്ടാംഗം പ്രണമിക്കണമെന്നില്ല. അത് ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.വിശ്വാസി ആണേല്‍ അങ്ങനെ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളിക്ക് അവിടെ പോയി ചെയ്യാം. ജി.സുധാകരന് അത് പറ്റില്ല. വിശ്വാസമുണ്ട്, അത് പ്രപഞ്ചശക്തിയിലാണ്. നിങ്ങള്‍ എങ്ങനെ വിശ്വസിക്കുന്നു അതിനെ സംരക്ഷിക്കുക എന്നതാണ്. എല്ലാ അപവാദങ്ങളെയും കാറ്റില്‍ പറത്തുന്ന തീരുമാനവും അന്വേഷണവും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രസ്താവനകളില്‍ സൂക്ഷിച്ചില്ലെങ്കില്‍ പ്രസ്ഥാനത്തിന് ആണ് കേട്. മുഖ്യമന്ത്രിയെ പോലും ആക്ഷേപിക്കുന്ന തലത്തില്‍ പ്രസ്താവനകള്‍ വ്യാഖ്യാനിക്കപ്പെട്ടു. ഇപ്പുറത്ത് വന്ന വന്നതു കൊണ്ടാണ് പ്രശാന്തിന് സ്ഥാനം കിട്ടിയത്. അപ്പുറത്തായിരുന്നെങ്കില്‍ കിട്ടില്ലായിരുന്നു.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സർക്കാരിന്‍റെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും ജനങ്ങള്‍ക്ക് വിശ്വാസമുള്ളതവുമായ സമഗ്രമായ അന്വേഷണം വേണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു. സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം വേണം. എല്ലാ അപവാദങ്ങളെയും കാറ്റില്‍ പറത്തുന്ന ശക്തമായ തീരുമാനങ്ങളും സമഗ്രമായി അന്വേഷണമാണ് വേണ്ടത്. അത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജി സുധാകരൻ പറഞ്ഞു.



