മണിപ്പൂര്‍ സമാധാനത്തിലേക്ക്; ദേശീയ പാത തുറക്കാൻ സമ്മതിച്ച്‌ കുക്കികള്‍

ഇംഫാല്‍: രണ്ടു വർഷത്തിലേറെ നീണ്ട സംഘർഷത്തിനു ശേഷം മണിപ്പൂർ സമാധാനത്തിലേക്ക്. ദേശീയ പാത രണ്ട വീണ്ടും തുറക്കാൻ കുക്കി-സോ കൗണ്‍സിലില്‍ തീരുമാനമായി.

ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയവും കുക്കി-സോ കൗണ്‍സില്‍ പ്രതിനിധി സംഘവും തമ്മില്‍ നടന്ന ചർച്ചകളില്‍ ആണ് തീരുമാനം. സുരക്ഷാ സേനയുമായി പൂർണ്ണ സഹകരണം കുക്കി-സോ കൗണ്‍സില്‍ ഉറപ്പ് നല്‍കി.

എംഎച്ച്‌എ, മണിപ്പൂർ സർക്കാർ, കുക്കി നാഷണല്‍ ഓർഗനൈസേഷൻ (കെഎൻഒ), യുണൈറ്റഡ് പീപ്പിള്‍സ് ഫ്രണ്ട് എന്നിവർ ത്രികക്ഷി കാരറില്‍ ഒപ്പ് വച്ചു. ഇന്ന് മുതല്‍ ഒരു വർഷത്തേക്കാണ് സമാധാന കരാർ. ഈ നിർണായക പാതയില്‍ സമാധാനം ഉറപ്പാക്കാൻ സുരക്ഷാ സേനയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കുക്കി-സോ കൗണ്‍സില്‍ വ്യക്തമാക്കി.

നിലവില്‍ പ്രവർത്തിച്ചുവരുന്ന ക്യാമ്ബുകളുടെ എണ്ണം കുറയ്ക്കാനും ആയുധങ്ങള്‍ അടുത്തുള്ള സിആർപിഎഫ് അല്ലെങ്കില്‍ ബിഎസ്‌എഫ് ക്യാമ്ബുകളിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കാനും കരാറില്‍ വ്യക്തമാക്കുന്നുണ്ട്. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരം നടപടികള്‍. ഇതനുസരിച്ച്‌ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഏഴ് നിയുക്ത ക്യാമ്ബുകള്‍ മാറ്റി സ്ഥാപിക്കും.

വിദേശികളെ കണ്ടെത്തി തിരികെ അയക്കാനും കരാറില്‍ പറയുന്നുണ്ട്. ഗ്രൂപ്പുകളില്‍ കാണപ്പെടുന്ന വിദേശ പൗരന്മാരെ തിരിച്ചറിയാനും പട്ടികയില്‍ നിന്ന് ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള, സുരക്ഷാ സേന കേഡറുകളുടെ കർശനമായ ഭൗതിക പരിശോധനയും കരാറില്‍ ഉള്‍പ്പെടുന്നു.

ക്രമസമാധാനം നിലനിർത്തുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പരിശോധനാ പ്രക്രിയ.ഈ പുതുക്കിയ അടിസ്ഥാന നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് ഒരു സംയുക്ത നിരീക്ഷണ സംഘം മേല്‍നോട്ടം വഹിക്കുമെന്നും കരാറില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ മണിപ്പൂർ സന്ദർശിക്കുമെന്ന് അഭ്യുവങ്ങള്‍ക്കിടയിലാണ് മേഖലയിലെ നിർണായക നീക്കം. കലാപം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചിരുന്നില്ല. ഇതേറെ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നിലവില്‍ രാഷ്ട്രപതി ഭരണത്തിലാണ് മണിപ്പൂർ.

കുക്കി, മെയ്തി വിഭാഗങ്ങള്‍ക്കിടയില്‍ പൊട്ടിപുറപ്പെട്ട കലാപത്തില്‍ ആയിരങ്ങളാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. നിരവധി ആരാധാനാലയങ്ങളും വീടുകളും കലാപത്തില്‍ തകർത്തിരുന്നു. സമീപകാലത്ത് ഇന്ത്യ കണ്ട് ഏറ്റവും വലിയ വംശീയ കലാപമാണ് മണിപ്പൂരില്‍ അരങ്ങേറിയത്.