ഷാജി ആലുവിള

പോലീസ് എന്ന് കേട്ടാൽ പേടിയുണ്ടായിരുന്നു പണ്ട്. പക്ഷെ ആ പേര് ജനമൈത്രി ആയപ്പോൾ കയ്യിൽ കിട്ടുന്നവന്റെ പരിപ്പിളക്കുന്ന മെതി വണ്ടി ആവുകയാണ് കാക്കികുപ്പായത്തിന് കളങ്കം ചാർത്തുന്ന ചില ഫുളീഷുകാർ. പണ്ട് നിക്കർ ഇട്ട പോലീസ് ആയിരുന്നു. അന്ന് പോലീസ് ഏമാൻമാർ കുറെ ഒക്കെ മര്യാദക്കാർ ആയിരുന്നു.

അന്നും ഉരുട്ടും, ഈർക്കിൽ കേറ്റലും, മൂത്രം കുടിപ്പിക്കലും, ഒറ്റക്കാലിൽ ചാട്ടംവും തവള ചാട്ടംവും മർമ്മം നോക്കിയുള്ള ഇടിയും, ഒക്കെ ചെയ്യുന്ന ഫുളീഷ് ഏമാന്മാരും ഉണ്ടായിരുന്നു. ഇതൊക്കെ ട്രെയിനിങ് സെന്ററിൽ പഠിപ്പിക്കുന്നതാണോ ആവോ?
സമൂഹത്തിൽ ക്രമസമാധാന പാലനവും നിയമ പരിപാലനവും നീതിനിർവ്വഹണവും നടത്തേണ്ടതിന്റെ ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണ സംവിധാനത്തിന്റെ വിഭാഗം ആണ് പോലീസ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക വഴി സ്വൈര്യ ജീവിതം ഉറപ്പാക്കേണ്ടതും പോലീസിന്റെ കൂടി ചുമതലയാണ്.

സകല പോലീസുകാർക്കും അപമാനം ആകുന്ന കുറെ എണ്ണം കാക്കിക്കുള്ളിൽ പതുങ്ങിയിരിപ്പുണ്ട്. എപ്പോഴാണ് ഈ സാറമ്മാർ ക്രിമിനൽ ആകുന്നതെന്ന് അറിയില്ല. മദമിളകിയ ആനയെ പോലെ ഇവർ പ്രവർത്തിക്കും. ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോലീസുകാരുടെ മർദന മുറ പോലീസുകാർക്ക് തന്നെ അപമാനമാണ്.
കുറ്റം എന്താണന്നോ കുറ്റവാളി ആരാണെന്നോപോലും അറിയാതെ കിട്ടുന്നവന്റെ മുതുകിൽ കൂട്ടം കൂടിനിന്ന് ഇടിച്ചു ഇഞ്ചനാരാക്കുന്ന ഈ പ്രവണത കേരളത്തിന് അപമാനമാണ്. പോലീസിനൊരു കുഴപ്പം ഉണ്ട് പ്രതിപക്ഷ പാർട്ടിയുടെ ആളാണ് പ്രതിയെങ്കിൽ ഇവരുടെ കൈക്ക് ഇടിക്കാനുള്ള തരിപ്പ് ബുൾഡോസർ പോലെയാണ്.

പോക്സോ കേസിലും പീഡന കേസിലും പ്രതിയെന്ന് സംശയിച്ച് ജാമ്യം ഇല്ലാവകുപ്പുകൾ ചുമത്തി ലോക്കപ്പിനുള്ളിൽ ഇട്ട് ഇടിച്ചു നിരപ്പാക്കി കോടതിയിൽ ഹാജരാക്കും. ഒടുവിൽ കോടതിയുടെ വിധി വരുമ്പോൾ പ്രതി നിരപരാധിയെന്ന് തെളിയും. മൂന്നു പോക്സോ കേസിൽ പ്രതിയാക്കി വർഷങ്ങൾ അകത്തിട്ട ഒരു പാവം മനുഷ്യനെ കോടതിയുടെ നിരീക്ഷണത്തിൽ നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ടു. ഞങ്ങൾ ആ വ്യക്തിയെ നേരിൽ കണ്ട് സംസാരിച്ചപ്പോൾ മനസിലായി പോലീസിന്റെ വീഴ്ചയാണെന്ന്. അങ്ങനെ എത്രയെത്ര നിരപരാധികൾ ഇങ്ങനെയുള്ള ക്രൂരന്മാരുടെ കൈക്കിരയായി അന്ത്യ ശ്വാസം വലിച്ചു. കള്ളക്കഥയുടെ കാരണത്താൽ ആത്മഹത്യ ചെയ്തു. കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച പ്രതി (പോലീസ് പറയുന്ന) പഠിച്ചു പഠിച്ച് കോടതിയിൽ സ്വന്തമായി വാദിച്ച് അയാൾ കുറ്റവാളിയല്ലെന്ന് തെളിയിച്ചു. കോടതി ആ പോക്സോ കേസിൽ അയാൾ നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ടു. പോലീസിലും വക്കീലിലും വിശ്വാസമില്ലാത്തതാണ് അതിനു കാരണം.

പാർട്ടി ഏതാണോ മതമേതാണോ നില ഏതാണോ എന്ന് നോക്കാതെ സത്യസന്ധമായി പ്രവർത്തിക്കേണ്ട പോലീസോ ,നിങ്ങളുടെ കാക്കിക്ക് ഒരു വിലയുണ്ട് വിശുദ്ധിയുണ്ട്. സിനിമയെ പോലും വെല്ലുന്ന സ്റ്റണ്ട് സീനല്ലേ മൂന്നു വർഷത്തിന് മുമ്പ് നിങ്ങൾ നടത്തിയത് ? അതല്ലേ ഇപ്പോൾ മാധ്യമങ്ങളിൽ നടനമാടുന്നത്. അയാളുടെ ജീവിതത്തെ ഇല്ലാതാക്കിയ ആ ക്രൂര വിളയാട്ടം നിങ്ങൾ ആർക്ക് വേണ്ടിയാണ് അരങ്ങേറ്റിയത്? കുറെ പ്രായം ആകുമ്പോൾ അയാൾക്ക് നേരെ നിന്ന് മൂത്രം ഒഴിക്കാൻ പറ്റുമോ? പാർട്ടിക്ക് വേണ്ടിയോ, അതോ ഡിപ്പാർട്ട്മെന്റിനോ? നിങ്ങൾ കുറെ കൂടി ജനമൈത്രി ആകണം. യഥാർത്ഥ കുറ്റവാളിക്ക് പകരം നിരപരാധികളെ കുരുക്കുന്ന രീതിയും ചില പോലീസ് കള്ളന്മാർ ചെയ്യാറുണ്ട്. കുറ്റവാളികളെ സൃഷ്ടിക്കാനും പരാതിക്കാരെ നിർമ്മിക്കാനും സാക്ഷികളെ ഇറക്കാനും നമ്മുടെ പോലീസ് നെട്ടോട്ടം ഓടുകയാണ്. ഇതൊക്കെ വെറും നാണക്കേടാണ്. കുറ്റവാളിയെന്നു തെളിയും മുമ്പ് കുറ്റക്കനാക്കുന്നതും വിമുക്തമാക്കുന്നതും നല്ല നടപടിയല്ല.
ഇങ്ങനെയൊക്കെ ചെയ്ത പല പൊലീസുകാരുടെയും അവസാനം, കിടന്നു കിടന്ന് നരകിച്ചാണെന്നുള്ളതും ഫൂളീഷുകാർ ഓർക്കുന്നത് നല്ലതാണ്.
അപ്പോൾത്തന്നെ പോലീസിനെ ജനം കൈയ്യേറ്റം ചെയ്യുന്നതും ഭീഷണി മുഴക്കുന്നതും ശരിയായ രീതിയല്ല. സമൂഹത്തിന്റെ നന്മക്കായി നിൽക്കുന്ന സൽസ്വഭാവികളായ പോലീസുകാർക്ക് “ബിഗ് സല്യൂട്ട്”.



