യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച പൊലീസുകാരെ പുറത്താക്കണം- മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ സർവീസില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനല്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പ്രതികളെ രക്ഷിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് തുടക്കംമുതല്‍ ഉണ്ടായത്. മർദ്ദനത്തിന് നേതൃത്വം നല്‍കിയ അഞ്ച് ഉദ്യോഗസ്ഥർ പ്രതിപട്ടികയില്‍പ്പോലുമില്ല. പ്രതികളെ രക്ഷിക്കാൻ മുകളില്‍നിന്ന് ശ്രമമുണ്ടായി. ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പിയുടെ റിപ്പോർട്ട് പൂഴ്ത്തിയാണ് പ്രതികളെ സംരക്ഷിച്ചതെന്നും കത്തില്‍ പറയുന്നു.

കത്തിൻറെ പൂർണരൂപം

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്ന, മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. മനുഷ്യനെന്ന പരിഗണ പോലും നല്‍കാതെ മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാടത്തമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ക്യാമറ ഇല്ലാത്ത സ്ഥലത്ത് വച്ചും ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്. തീവ്രവാദികള്‍ പോലും ചെയ്യാത്ത ക്രൂരതയാണ് ഒരു ചെറുപ്പക്കാരനോട് പൊലീസ് ചെയ്തത്.

ഇവരുടെ പ്രവർത്തി പോലീസ് സേനയ്ക്ക് മാത്രമല്ല കേരള സമൂഹത്തിനു തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കസ്റ്റഡി മർദ്ദനം മനുഷ്യവകാശ ലംഘനമാണെന്ന് Nilabati Behera v. State of Orissa (1993), ഡി കെ ബസു അടക്കമുള്ള വിവിധ കേസുകളില്‍ സുപ്രീം കോടതി പ്രസ്ഥാവിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തു എന്നതാണ് സുജിത്തിനെതിരെ പൊലീസുകാർ ചുമത്തിയ കുറ്റം. കുന്നംകുളം എസ്.ഐയായിരുന്ന നുഹ്മാന്റെ നേതൃത്വത്തിലായിരുന്നു ക്രൂരമർദ്ദനം. സ്റ്റേഷനില്‍ കൊണ്ടു വന്നതു മുതല്‍ മൂന്നിലധികം പൊലീസുകാർ ചേർന്ന് വളഞ്ഞിട്ട് തല്ലി. കുനിച്ചു നിർത്തി പുറത്തും മുഖത്തും മർദ്ദിച്ചു. സുജിത്തിന്റെ കേള്‍വി ശക്തി നഷ്ടമായി. കള്ളക്കേസില്‍ കുടുക്കാൻ ശ്രമിച്ച പൊലീസ് നീക്കവും പൊളിഞ്ഞു. 2023-ല്‍ നടന്ന സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമ പ്രകാരം ലഭ്യമായത്.

പ്രതികളെ രക്ഷിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നും തുടക്കംമുതല്‍ ഉണ്ടായത്. മർദ്ദനത്തിന് നേതൃത്വം നല്‍കിയ 5 ഉദ്യോഗസ്ഥർ പ്രതിപട്ടികയില്‍ പോലുമില്ല. പ്രതികളെ രക്ഷിക്കാൻ മുകളില്‍ നിന്നും ശ്രമമുണ്ടായി. ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പിയുടെ റിപ്പോർട്ട് പൂഴ്ത്തിയാണ് പ്രതികളെ സംരക്ഷിച്ചത്. ഇപ്പോഴത്തെ ഡി.ഐ.ജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം ഈ ദൃശ്യങ്ങള്‍ കിട്ടിയില്ലായിരുന്നെങ്കില്‍ ഇത്രയും വലിയൊരു ക്രൂരത പുറത്തറിയില്ലായിരുന്നു. കണ്ണില്ലാത്ത ക്രൂരത നടത്തിയ ഉദ്യോഗസ്ഥരെ സർവീസില്‍ നിന്നും പുറത്താക്കണം. ഇവർക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.