കോട്ടയം: യെമൻ സ്വദേശി തലാല്‍ അബ്ദു മഹ്ദിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ചാണ്ടി ഉമ്മൻ എംഎല്‍എ.
മോചനവുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കായി ഒരു സംഘം ഇന്ന് യെമനില്‍ എത്തിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ആരു ചർച്ച നടത്തിയാലും നല്ലതാണ് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാല്‍ നിമിഷ പ്രിയയുമായോ വധിക്കപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുമായി ബന്ധപ്പെട്ട കേസിനെ സംബന്ധിച്ചുള്ളതോ ആയ സമൂഹമാധ്യമ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും ചാണ്ടി ഉമ്മൻ അഭ്യർത്ഥിച്ചു. തെറ്റായ സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നേരത്തെ തലാലിന്റെ സഹോദരനും കുടുബവും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
നേരത്തെ, ജൂലൈ 16ന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും എന്നായിരുന്നു വിവരം. എന്നാല്‍ വിഷയത്തില്‍ ഉണ്ടായ ഇടപെടലുകളെ തുടർന്ന് നീട്ടിവച്ചിരുന്നു. നിലവില്‍ വധശിക്ഷ ഒഴിവാക്കണമെന്നാണ് നിമിഷ പ്രിയയുടെയും കുടുംബത്തിന്റെയും മലയാളികളുടെയും ആവശ്യം .



