
ഷാജി ആലുവിള
ജീവിതത്തിൽ മനുഷ്യർക്ക് യാത്രകൾ പല വിധത്തിലുണ്ട്. ആദ്യ യാത്ര അച്ഛനിൽ നിന്ന് അമ്മയിലേക്കും രണ്ടാമത് അമ്മയിൽ നിന്ന് ലോകത്തിന്റെ മടിത്തട്ടിലേക്കുമാണ്. പിന്നീട് ജീവിക്കുവാനും, ജീവിച്ചു ജയിക്കാനുമുള്ള അതിവേഗ യാത്രയിലാണ് ഓരോരുത്തരും. ആ യാത്രയാണ് നമ്മുടെ ജീവിതം.
ജീവിതം എന്നത് അതിജീവനമാണ്. ദൈവം തന്ന ഈ ജീവിതം ഒരു സാഹസിക യാത്രയാണ്. അത് സന്തോഷമാക്കണം. അത് എവിടെ അവസാനിക്കുമെന്ന് ആർക്കും അറിയില്ല. ഒരിക്കൽ അത് അവസാനിക്കും. അന്ന് മറ്റൊരു ലോകത്തിലേക്ക് നാം യാത്രയാകും. അത് ഈ ലോകത്തിൽ നിന്നുമുള്ള അവസാനത്തെ മടക്ക് യാത്രയാണ്. യാത്രയുടെ ആരംഭവും അവസാനവും ആരും അറിയുന്നില്ല. ജീവിത യാത്രയുടെ വലിയ പ്രത്യേകതായാണ് അത്.

ലക്ഷ്യത്തോടെ യാത്ര ചെയ്യുന്നവരാണ് മിക്ക യാത്രികരും. ഏങ്ങോട്ട്? എന്തിന്? എപ്പോൾ? എങ്ങനെ? എന്നത് യാത്രയുടെ അഭിവാജ്യ ഘടകങ്ങൾ തന്നെയാണ്. ലക്ഷ്യമില്ലാത്ത യാത്ര, ചരടറ്റുപോയ പട്ടം പോലെയാണ്. കൃത്യമായ പദ്ധതി യാത്രയെ മനോഹര മാക്കും. വിനോദ യാത്ര,തീർത്ഥാടനം തുടങ്ങി എത്ര എത്ര യാത്രകൾ മനുഷ്യനുണ്ട്. അതിൽ വിഷമങ്ങളും ബുദ്ധിമുട്ടുകളും വെല്ലുവിളികളും നാം നേരിടണം. ഒടുവിൽ താങ്കൾ അറിയാതെ എല്ലാവരും കൂടി ഒരു വിലാപ യാത്രയും തരും. അത് അവസാനം തരുന്ന യാത്ര അയപ്പാണ്.
യാത്രകളിൽ ക്ലേശം നേരിട്ടേക്കാം. അതുകൊണ്ട് ആരും യാത്ര അവസാനിപ്പിക്കണമെന്നില്ല . ദുർഘടമാണെങ്കിലും യാത്ര തുടരുന്നവരാണ് വിദക്തർ. ആവരായിരിക്കും നല്ലൊരു സഞ്ചാരി. വായുവിലൂടെയും, വെള്ളത്തിലൂടെയും, കരയിലൂടെയും സഞ്ചാരിക്ക് യാത്രയുണ്ട്. പ്രകൃതി ക്ഷോപങ്ങളെ അതിജീവിച്ചു വേണം മുന്നേറുവാൻ. വാഹന നിയന്ത്രിതാവിന് ശ്രദ്ധ നഷ്ടപ്പെടുമ്പോൾ അപകടം ജനിക്കുവാൻ ഇടയാകും. അതുപോലെ, ജീവിത ലക്ഷ്യത്തിനായി ശ്രദ്ധയോടെ യാത്ര തുടരുക. അല്ലങ്കിൽ അറിയാത്ത അപകടം പതിയിരിപ്പുണ്ട് എന്നോർക്കുക.
നാം ഓരോരുത്തരും ജീവിത ഭാരവും വഹിച്ചുള്ള ഈ ലോകത്തിലെ യാത്രക്കാരാണ്. കവി പി. ഭാസ്കരൻ പറഞ്ഞതുപോലെ: ‘തോളത്തു ഘനം തൂങ്ങും വണ്ടിതൻ തണ്ടും പേറി കാളകൾ മന്ദം മന്ദമിഴഞ്ഞു നീങ്ങിടുന്നു’ ജീവിത ഭാരവുമായി പതുക്കെ, പതുക്കെ പോകുന്ന ഒരു സാധാരണക്കാരനായ യാത്രികന്റെ അവസ്ഥയാണ് അത്.

ജീവിതയാത്രയിൽ പെട്ടന്നായിരിക്കും അനിഷ്ടമായ ചില വിഷയങ്ങൾ വേദനയുടെ വിത്തുകൾ വിതറി ഭാരമായി കടന്നു വരുന്നത്. രോഗം, മരണം, അപകടം,ദുഃഖം,അപമാനം, ചതിക്കപ്പെടുക, നഷ്ടങ്ങൾ, കടഭാരം, കുടുംബതകർച്ച, ഭീതി എന്നിവയൊക്കെ സഹയാത്രക്കാരായി കൂടെ കൂടും. ഇതിൽ മനം നൊന്ത് പലരും ജീവിതത്തിൽ നിന്ന് ഒളിച്ചോടും. അത് ഒന്നിനും പരിഹാരമല്ല. ചിലപ്പോൾ അപ്രതീക്ഷമായി ചില ശത്രുക്കൾ യാത്രക്ക് ഭീഷണിയായി മുന്നിലെ ത്തിയേക്കാം. ഇതിനെയൊക്കെ അതിജീവിക്കുവാൻ എനിക്ക് കഴിയുമെന്ന് പൂർണ്ണമായി വിശ്വസിക്കു. അത് നിങ്ങൾക്ക് സാധിക്കും.
ഇരുൾ മൂടിയ എല്ലാ രാത്രികളും വെളിച്ചത്തിന് വഴിമാറി കൊടുക്കും. സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. ഏത് വലിയ കാറ്റും മഴയും ശാന്തമാകില്ലേ? മഴ തോരുകയും കാറ്റ് ശമിക്കുകയും ചെയ്യും. അത് പ്രാപഞ്ചിക തത്വമാണ്. പടക് ശാന്ത തുറമുഖത്ത് നങ്കൂരം ഇടും വരെ ഈ പ്രതികൂലങ്ങൾ മുമ്പിലുണ്ട്. അതുകൊണ്ട് പടക് ഉപേക്ഷിക്കില്ല കപ്പിത്താൻ. നമ്മുടെ ജീവിത നൗകയും അങ്ങനെ തന്നെ ആകട്ടെ.

ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ,അമ്മ എന്നിവരടങ്ങിയ കുടുംബ ജീവിത യാത്രയിൽ ഒട്ടനവധി കഷ്ടങ്ങളും ക്ലേശങ്ങളും നേരിടുന്നുണ്ടാകാം. ജീവിതത്തിൽ എല്ലാം ഉണ്ടെങ്കിലും ഒരു ശൂന്യത പോലെ ആകുന്നുവോ? എല്ലാരും ഒപ്പമുണ്ട്, പക്ഷെ ഏകനായി എന്ന ഒരു ചിന്ത അലട്ടുന്നുവോ ഈ ജീവിത യാത്രയിൽ? ചതിക്കപ്പെട്ടും, അത് മൂലം ഒറ്റപ്പെട്ട് കൂരിരുൾ നിറഞ്ഞ പാതയിലൂടെയാണോ അങ്ങയുടെ യാത്ര? മാത്രമല്ല മനസ്സിനെ മുറിക്കുന്ന മറ്റെന്തെങ്കിലും വിഷയങ്ങൾ വേദനിപ്പിക്കുന്നുവോ?

ഈ യാത്രയിൽ പലശീലങ്ങളും ഒപ്പം കൂടും. അതിൽ ദുശീലങ്ങൾ നാശത്തിലേക്ക് നയിക്കും. പുകവലി, മദ്യപാനം, ചീട്ടുകളി, വിവിധ ലഹരിയുപയോഗം, അവിഹിത ബന്ധം, അധാർമ്മികത, അത്യാഗ്രഹം, അസൂയ,പക, മോഷണ സ്വഭാവം,ഗുണ്ടായിസം, ക്രൂരത, തുടങ്ങി അർബുദത്തേക്കാൾ മാരകമായ സ്വഭാവരീതികളാണ് അത്. റാഗിംഗ് എന്ന പേരിൽ സഹപാഠികളോട് ക്രൂരവിനോദം നടത്തി വേദനിപ്പിച്ച് ആസ്വദിക്കുന്ന കലാലയ വിദ്യാർത്ഥികൾ (സാഡിസ്റ്റ്). ഈ സ്വഭാവങ്ങൾ മനുഷ്യനെ കുറ്റവാളികളാക്കി കരാഗൃഹത്തിൽ ആക്കുകയോ ജീവിതം തന്നെ തകർത്തുകളയുകയും ചെയ്യും. ഇതിൽ ലഹരിക്ക് സ്ഥനമുണ്ടെന്നുള്ളത് മറക്കരുത്. ഈ ദൂർസ്വഭാവങ്ങളെയാണ് പാപം എന്നു പറയുന്നത്.
പ്രിയരേ, ഇതുമായുള്ള യാത്ര എങ്ങോട്ട് ആണ്? യുവജനങ്ങളെ, വിദ്യാർത്ഥികളെ നിങ്ങൾ ഈ ലോകത്തിന്റെ ഭാവി സമ്പത്താണ്. നിങ്ങൾ നശിക്കരുത് ആരെയും നശിപ്പിക്കരുത്. അത് ആപത്താണ്. പ്രണയത്തിൻ്റെ മറവിൽ ആരും ആരെയും കൊല്ലുന്ന കാലം. മകൻ്റെ ദുസ്വഭവം കൊണ്ട് അമ്മ മകനെ കഷണങ്ങളാക്കി വെട്ടിക്കൊല്ലുന്നു, അന്ധവിശ്വാസം കൊണ്ടു മകൻ അച്ഛനേ വെട്ടിക്കൊല്ലുന്നു, മതത്തിൻ്റെ മറവിൽ അനാചാരങ്ങളിലൂടെ മനുഷ്യ കുരുതികൾ തുടങ്ങി എത്രയോ മ്ലേച്ചതകൾ കൊണ്ട് യാത്ര ചെയ്യുന്ന നാടാണ് നമ്മുടെ ഈ നാട്.

രാസലഹരി നമ്മുടെ കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്ന നിലയിൽ പിടികൂടുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും സമൂഹത്തിൽ വലിയ നശവും കലാപവും സൃഷ്ടിക്കുന്നു. സൗഹൃദങ്ങളുടെ കേന്ദ്രമാകേണ്ട കലാലയങ്ങൾ പോലും ലഹരിയുടെ ചന്തകളായി മാറുന്നു. ജാതി, മത, രാഷ്ടീയങ്ങൾ നോക്കാതെ യുവജനങ്ങൾ ലഹരിക്ക് അടിമകളാകുന്നു. അതിൽ ആണന്നും പെണ്ണന്നുമില്ല. ലഹരിക്കടിമകളാകുന്ന കുട്ടികൾ പോലും സ്വന്തം സഹോദരങ്ങളുമായി അവിഹിതബന്ധത്തിൽ ഏർപ്പെടുന്നു. കൂട്ടബലാൽസംഘങ്ങളും മൃഗീയ പീഡനങ്ങളും നടക്കുന്നു.
കുടുംബങ്ങളും സമൂഹവും നശിക്കുന്ന ഈ യാത്ര എങ്ങോട്ടാണ്? ഇതിന് മാറ്റം വരുത്താൻ പ്രിയരെ നമുക്ക് ഉണരാം. ഒന്നയിച്ചേരാം. ഈശ്വര ഭക്തിക്കും, ദൈവവിശ്വാസത്തിനും മുഖ്യ സ്ഥാനമുള്ള ഭവനങ്ങളായി ഓരോ വീടുകളും തീരണം. തലമുറകളുടെ രൂപീകരണത്തിന് വലിയ പങ്ക് ഇതിന് ഉണ്ടെന്നുള്ളത് മറക്കരുത്.
ഈ യാത്രയിൽ മനം കലങ്ങിയും, ഹൃദയം മുറിഞ്ഞും, നിരാശകൊണ്ടും തളർന്ന ഈ യാത്ര ഒന്ന് അവസാനിച്ചാൽ മതിയെന്നു ചിന്തിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, അങ്ങയോട് ഒരു വാക്ക്….
ദുരൂഹത നിറഞ്ഞ ഒരു സമസ്യയാണ് ജീവിത യാത്ര. അതിൽ ഈ പറഞ്ഞ പ്രശ്നങ്ങൾ അനുഭവങ്ങളായി മാറിയേക്കാം. അപ്പോൾ തുറന്നൊന്നു പറയുവാനോ സഹായിക്കുവാനോ ആരെയും കണ്ടെന്ന് വരില്ല. ഒരു പക്ഷെ സ്നേഹിതർ അകലം വിട്ട് മാറി പോകും. അങ്ങനെ യുള്ള ഈ ജീവിത യാത്ര എപ്പോൾ അവസാനിക്കും എന്ന് ആർക്കും അറിയില്ല.
ഈ സന്ദർഭത്തിൽ ഒരിക്കലും നമ്മെ വിട്ടു പിരിയാത്ത ഒരു സ്നേഹിതനും വഴികാട്ടിയും നമുക്ക് ഉണ്ടെങ്കിൽ എന്ന് ചിലപ്പോൾ ചിന്തിക്കും. വിഷമിക്കണ്ട അങ്ങക്കായി കാത്തിരിക്കുന്ന നല്ലൊരു സ്നേഹിതനുണ്ട്. ഈ യാത്രയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആ നല്ല ആശ്വാസ സ്നേഹിതൻ പകർന്നു തരും. രോഗത്തിന് സൗഖ്യവും, വേദനയ്ക്ക് ആശ്വാസവും, ദുഃഖിത്തിന് സന്തോഷവും അശാന്തിക്ക് സമാധാനവും ആ നല്ല സ്നേഹിതൻ പകരും. അങ്ങയെ ഏകനായി വിടാതെ അവസാന നിമിഷം വരെ കൂട്ടിനായി കൂടെയിരിക്കുന്ന ആ നല്ല രക്ഷകനാണ് കർത്താവായ യേശുക്രിസ്തു.
പാപങ്ങളെ ക്ഷമിക്കുകയും പ്രിയ മക്കളായി മാറോടു ചേർക്കുകയും ചെയ്യുന്ന ദൈവ പുത്രനായ യേശുക്രിസ്തു അങ്ങയ്ക്ക് സമാധാനം തരും. മാത്രമല്ല ഈ യാത്ര തീരുമ്പോൾ അങ്ങയുടെ ആത്മാവിനു നിത്യ ശാന്തിയും നിത്യ ജീവനും തന്ന് നിത്യതയിൽ ചേർത്തുകൊള്ളും.
അതിനായി ഇപ്പോൾ തന്നെ എല്ലാ തെറ്റുകളെയും ഏറ്റ് പറഞ്ഞുപേക്ഷിക്കുക. യേശു ക്രിസ്തു രക്ഷകനെന്ന് ഹൃദയത്തിൽ വിശ്വസിക്കുക. അപ്പോൾ അവിടുന്ന് അങ്ങയെ കൈക്കൊള്ളും…ഹൃസ്വമായ ഈ യാത്ര സഫലമാകും….

മരണം എപ്പോഴും വരാം, അതുവരെ ഈ യാത്ര തുടരണം. സുഖ യാത്രയ്ക്ക് ഭാരം എപ്പോഴും തടസ്സമാണ്. നമ്മുടെ ഏത് ഭാരവും ഏറ്റെടുത്ത് നമ്മെ സ്വതന്ത്രരാക്കി ഈ യാത്ര സമാധാനത്തോടെ അക്കരെ എത്തിക്കുവാൻ യേശു ക്രിസ്തു അങ്ങേയ്ക്കായി കാത്തു നിൽക്കുന്നു. അതിനായി അങ്ങ് തയ്യാറാണോ? എങ്കിൽ നല്ല ശമര്യാക്കാരനായ യേശുക്രിസ്തു നിങ്ങൾക്കൊപ്പം യാത്ര ചെയ്യും അവസാന നിമിഷം വരെ…അല്ല, നിത്യ രാജ്യം വരെ! നിങ്ങളുടെ തുടർയാത്രയ്ക്ക് മംഗളം…
എന്നും മംഗളം ഭവിക്കട്ടെ….. സഫലമീയാത്ര!!!



