എല്ലാം മായയാണെന്നാണ് അയാളുടെ വാദം.
ഒരിക്കല്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ മദമിളകിയ ആന അതുവഴി വന്നു. കൂട്ടുകാരോടൊപ്പം അയാളും ഓടി. ചെളിനിറഞ്ഞ കിടങ്ങില്‍ അയാള്‍ വീണു.
മദമിളകിയ ആനയും മായയാണോ? കൂട്ടുകാര്‍ ചോദിച്ചു. ആദ്യം എന്നെ ചെളിയില്‍ നിന്നും പുറത്ത് കൊണ്ടുവരൂ.. അയാള്‍ പറഞ്ഞു.
പിടിച്ചു കയറ്റികഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ആന വന്നതും ഞാന്‍ ഓടിയതും ചെളിയില്‍ വീണതുമെല്ലാം മായതന്നെ.. താനിത് ആ കിടങ്ങില്‍ കിടന്നപ്പോള്‍ ഇത് പറഞ്ഞിരുന്നെങ്കില്‍ നിന്നെ ഞങ്ങള്‍ കയറ്റുകയേ ഇല്ലായിരുന്നു.
ഇതു പറഞ്ഞ് അവര്‍ അയാളെ വീണ്ടും കിടങ്ങിലേക്ക് തള്ളിയിട്ടു. അവിടെ കിടന്ന് അയാള്‍ നിലവിളിച്ചുകൊണ്ട് പറഞ്ഞു: എനിക്ക് മനസ്സിലായി, ഇതുവരെ സംഭവിച്ചതെല്ലാം യാഥാര്‍ത്ഥ്യങ്ങളാണ്.
ഇല്ലാത്തവ ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ അകാരണമായ ആശങ്കയ്ക്കും ഭയത്തിനും അടിമകളാകും. ഒരു കാര്യവും സമാധാനത്തോടെ ചെയ്യാന്‍ അവര്‍ക്കാകില്ല. ഉള്ളവ ഇല്ലെന്ന് വിശ്വസിക്കുന്നവര്‍ കണ്ണടച്ചിരുട്ടാക്കും. കാണാനും കേള്‍ക്കാനും സ്പര്‍ശിക്കാനും കഴിയുന്നവയെപ്പോലും തങ്ങള്‍ക്ക് വേണ്ടതാണെങ്കില്‍ മാത്രമേ അംഗീകരിക്കൂ.
കണ്ണ് മൂടിക്കെട്ടി വയ്ക്കാനുളളതല്ല, കാത് അടച്ചുവെക്കാനുളളതല്ല, ഓരോ ഇന്ദ്രിയവും അതിന്റെ പൂര്‍ണ്ണതയോടെ ഉപയോഗിച്ചാല്‍ അവയെല്ലാം സ്വാഭാവികമായും യാഥാര്‍ത്ഥ്യങ്ങളിലേക്കെത്തും.
യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ കൃത്രിമത്വമില്ലാതെ എല്ലാവര്‍ക്കം പരസ്പരം ഇടപെഴകാനാകും
– ശുഭദിനം.