‘സൗന്ദര്യം കുറവാണെന്നു പറഞ്ഞ് പ്രബിൻ നിരന്തരം വിഷ്ണുജയെ ആക്ഷേപിച്ചിരുന്നെന്ന് കുടുംബം പറയുന്നു. വിവാഹം കഴിഞ്ഞ് ഒന്നരവർഷമായിട്ടും ഒപ്പം വാഹനത്തില്‍ കൊണ്ടുപോകാനോ വിഷ്ണുജയുടെ വീട്ടിലേക്ക് വരാനോ പ്രബിൻ തയാറായിരുന്നില്ല.
ഒപ്പം കൊണ്ടുനടക്കാനുള്ള സൗന്ദര്യം ഇല്ലെന്നാണ് പ്രബിൻ പറഞ്ഞിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.’
മഞ്ചേരി∙എളങ്കൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടില്‍ വിഷ്ണുജ (26) മരിച്ച സംഭവത്തില്‍ ഭർത്താവ് പ്രബിനെയാണു കസ്റ്റഡിയിലെടുത്തത്. ഭർതൃവീട്ടിലെ പീഡനമാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസ്.
ബെഡ് റൂമിന്റെ ജനലില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതി. രണ്ട് കയ്യില്‍നിന്നും രക്തം വാർന്ന നിലയിലായിരുന്നു. വിഷ്ണുജയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു. ഭർതൃവീട്ടിലെ മാനസിക പീഡനം സംബന്ധിച്ചു നേരത്തെ സ്വന്തം വീട്ടുകാർക്കു സൂചന നല്‍കിയിരുന്നു. മരണത്തില്‍ ദുരുഹതയുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു.
സൗന്ദര്യം കുറവാണെന്നു പറഞ്ഞ് പ്രബിൻ നിരന്തരം വിഷ്ണുജയെ ആക്ഷേപിച്ചിരുന്നെന്ന് കുടുംബം പറയുന്നു. വിവാഹം കഴിഞ്ഞ് ഒന്നരവർഷമായിട്ടും ഒപ്പം വാഹനത്തില്‍ കൊണ്ടുപോകാനോ വിഷ്ണുജയുടെ വീട്ടിലേക്ക് വരാനോ പ്രബിൻ തയാറായിരുന്നില്ല. ഒപ്പം കൊണ്ടുനടക്കാനുള്ള സൗന്ദര്യം ഇല്ലെന്നാണ് പ്രബിൻ പറഞ്ഞിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയെന്നും ആക്ഷേപിച്ചിരുന്നു. മാനസികമായി വിഷ്ണുജ വളരെയധികം പീഡനം നേരിട്ടിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സ് ആണ് പ്രബിൻ. 2023 മേയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഡിഗ്രി പഠനത്തിന് ശേഷം എച്ച്‌ഡിസി കോഴ്സ് പൂർത്തിയാക്കി ബാങ്കിങ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു വിഷ്ണുജ. പൂക്കോട്ടുംപാടം മാനിയില്‍ പാലൊളി വാസുദേവന്റെ മകളാണ്. ഇന്നലെ സ്വന്തം വീട്ടിലേക്ക് വരുമെന്ന് അറിയിച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.




