
വർഗീസ് ചാക്കോ
johnygilead@gmail.com
ഭാഗം 2 ൽ പ്രധാനമായും മധ്യതിരുവിതാംകൂറിൽ പ്രവർത്തിക്കുന്ന ഇടയന്മാരെയാണ് ഞാൻ ഉദ്ദേശിച്ചത്. അതേസമയം കേരളത്തിന്റെ വടക്കും തെക്കും ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ചില ദൈവദാസന്മാർ എന്നെ വിളിക്കുകയും അവരുടെ സാഹചര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുകയുണ്ടായി. വളരെ കഷ്‌ടപ്പാടും ബുദ്ധിമുട്ടും സാമ്പത്തിക പ്രയാസങ്ങളും സഹിച്ച് അവർ ചെയ്യുന്ന വേലയെ മാനിക്കുന്നു. അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പത്തനംതിട്ട, കോട്ടയം തുടങ്ങി കേരളത്തിന്റെ മധ്യമേഖലകളിൽ പ്രവർത്തിക്കുന്ന പാസ്റ്റേഴ്‌സ് ആഴ്ചയിൽ നിസാര മണിക്കൂറുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നതാണ് വസ്തുത. ഞായറാഴ്ച സഭായോഗവും വെള്ളിയാഴ്ച്ച പ്രാർഥനയും ഒരു കോട്ടേജ് മീറ്റിംഗും ഉൾപ്പെടുത്തിയാൽ ആഴ്ചയിൽ 7 മണിക്കൂറിൽ താഴെ മാത്രമാണ് പാസ്റ്റർമാരുടെ ആകെയുള്ള
പ്രവർത്തനസമയം. ഒരു ദിവസം 8 മണിക്കൂറെങ്കിലും പ്രവർത്തിക്കേണ്ട ബാധ്യതയുള്ളവർ ആഴ്ചയിൽ 8 മണിക്കൂർ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് അവസ്‌ഥ.
ലോക്കൽ സഭകൾ കേന്ദ്രീകരിച്ചുള്ള സുവിശേഷ പ്രവർത്തനങ്ങൾ ഇന്ന് തീരെ ഇല്ലാതായിരിക്കുന്നു. വിശ്വാസികളിൽ സുവിശേഷകരെ കാണാനില്ല. ഇടയന്മാർ സുവിശേഷകരെ വാർത്തെടുക്കുന്നതിൽ യാതൊരു താത്പര്യവും കാണിക്കുന്നില്ല. ഒരു പ്രാദേശിക സഭയെ സംബന്ധിച്ചിടത്തോളം സുവിശേഷീകരണ പ്രവർത്തനങ്ങൾ മുടക്കം കൂടാതെ നടക്കണം. അതിന് ചുക്കാൻ പിടിക്കേണ്ട പാസ്റ്റർമാർ ഇന്ന് അത് ചെയ്യുന്നതിൽ താത്പര്യം കാണിക്കുന്നില്ല. എന്നാൽ മറ്റ് പല കാര്യങ്ങളിലും അവർ ശ്രദ്ധ നൽകുന്നു. സഭയുടെ പണി കാര്യങ്ങൾ മറ്റ് സാമ്പത്തിക കാര്യാദികൾ എന്നിവയൊക്കെ ശ്രദ്ധിക്കുന്നത് മാത്രമല്ല, തങ്ങളെ ഏല്പിച്ചിരിക്കുന്ന സഭയിൽ പതുതായി എത്രപേർ രക്ഷിക്കപ്പെട്ടു വരുന്നു എന്നും കൂടെ വിലയിരുത്തണം.
പാസ്റ്റർമാരുടെ സ്ഥലം മാറ്റം അടുത്തുവരികയാണല്ലോ. സഭാ കൗൺസിൽ
ശുശ്രൂഷകരെ പ്രാദേശിക സഭകളിലേയ്ക്ക് അയയ്ക്കുമ്പോൾ ആദ്യ വർഷം അവരുടെ പ്രൊബേഷനറി പീരിയഡ് ആക്കണം. അയയ്ക്കപ്പെടുന്ന പാസ്റ്റേഴ്‌സ് തങ്ങളുടെ സഭയ്ക്കു അനുയോജ്യമാണോ പ്രയോജനകരമാണോ എന്നും മറ്റും വിലയിരുത്താനും അനുസൃതമായി തീരുമാനം കൈക്കൊള്ളാനും സാധിക്കുന്ന സാഹചര്യമുണ്ടാകണം. ആരോടും കണക്കുപറയേണ്ട ബാധ്യത തങ്ങൾക്കില്ല എന്ന ചിന്തയാണ് പാസ്റ്റർമാരെ മടിയന്മാരാക്കുന്നത്. ഒരു നിരീക്ഷണവും വിലയിരുത്തലും ഉണ്ടാകുമ്പോൾ ഉത്തരവാദിത്ത ബോധം വർധിക്കും. കാര്യങ്ങൾ നന്നായി നടക്കും. ഇടയന്മാർ അതാത് സഭകൾക്ക് അനുഗ്രഹമാകും.
മേൽപ്പറഞ്ഞ കാര്യങ്ങൾ നന്നായി നടക്കുവാൻ അതാത് സഭാ നേതൃത്വം സഭാ വളർച്ചയുമായി ബന്ധപ്പെട്ട് നിഷ്പക്ഷരും ആത്മനിറവും സുവിശേഷീകരണ താത്പരരുമായ ഒരു നിരീക്ഷണ കമ്മിറ്റിയെ നിയോഗിക്കണം. പ്രസ്തുത കമ്മിറ്റിയിൽ ഉൾപ്പെടുന്നവർ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള യാതൊരു വിധ പ്രലോഭനങ്ങളിൽ വീണുപോകുന്നവരോ ഏതെങ്കിലും പക്ഷം പിടിച്ച് സംസാരിക്കുന്നവരോ ആകരുത്. അവർ യഥാസമയങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉൾക്കൊണ്ട് സഭാ പ്രവർത്തനങ്ങൾ വിലയിരുത്തുകയും സഭാ കൗൺസിലിന് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യവും ഉണ്ടായാൽ നമ്മുടെ ലോക്കൽ സഭകളുടെ ഇന്നത്തെ അവസ്ഥയ്ക്ക് സമൂലമായ മാറ്റം ദർശിക്കുവാൻ സാധിക്കും.




