ഹൈദരാബാദ്: സുഹൃത്തിന് വിവാഹ സമ്മാനം നൽകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് സംഭവം. ബെംഗളൂരുവിൽ ആമസോൺ ജീവനക്കാരനായ വംശി എന്ന യുവാവാണ് മരിച്ചത്. സുഹൃത്തിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കുർണൂലിലേക്ക് എത്തിയതായിരുന്നു വംശി. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോയിൽ സുഹൃത്തുകൾക്കൊപ്പം വരനും വധുവിനും സമ്മാനം നൽകാൻ നിൽക്കുന്ന യുവാവിനെ കാണാൻ സാധിക്കും. വരൻ വിവാഹ സമ്മാനം തുറക്കാൻ ശ്രമിക്കുമ്പോൾ സഹായിക്കുന്നതിനിടെയാണ് യുവാവ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണത്.
വീഴാനൊരുങ്ങിയ യുവാവിനടുത്തേക്ക് സുഹൃത്തുക്കൾ ഓടിയെത്തുന്നതും,താങ്ങിപ്പിടിച്ച് പിന്നിലേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
ഉടൻ തന്നെ ധോൻ സിറ്റി സർക്കാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും യുവാവിന്റെ മരണം സ്ഥിരികരിക്കുകയായിരുന്നു.
———



