മണിപ്പുരിലെ ഭരണത്തകർച്ചയും ഭരണഘടനാസംവിധാന പരാജയവും മുൻനിർത്തി മുഖ്യമന്ത്രി ബിരേൻസിങ്ങിനെ പുറത്താക്കി രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാൻ പ്രസിഡന്റിന് ഗവർണറുടെ റിപ്പോർട്ടുപോലും വേണ്ടെന്ന് ലത്തീൻസഭാ മുഖപത്രമായ ജീവനാദം.
അടുത്ത തിങ്കളാഴ്ച പാർലമെന്റ് സമ്മേളനം തുടങ്ങുകയാണ്. അതിനുമുൻപ്, ‘വിദേശത്തുനിന്നെത്തുന്ന മോദിയെ ഒരുവട്ടം മണിപ്പുരിലേക്കു പായിക്കാൻ പ്രസിഡന്റിനു കഴിഞ്ഞെങ്കില്‍’ എന്നും പുതിയ ലക്കത്തിന്റെ എഡിറ്റോറിയല്‍ പരിഹിസിക്കുന്നു.
മുഖപ്രസംഗത്തിന്റെ ചുരുക്കം:
വംശീയകലാപത്തില്‍ 265 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെപ്പേർക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ലക്ഷത്തിലേറെപ്പേർ പലായനം ചെയ്തു. ഒന്നരവർഷമായി 351 ദുരിതാശ്വാസ ക്യാമ്പുകളിലായി 22,000 കുട്ടികളടക്കം 60,000 പേർ ദുരിതജീവിതം നിയിക്കുന്നു. എന്നിട്ടും, കലാപം തുടങ്ങിയശേഷം അജ്ഞാത കാരണങ്ങളാല്‍ പ്രധാനമന്ത്രി അവിടെ കാലുകുത്തിയിട്ടില്ല. റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങുന്നതിനു മുൻപായിരുന്നു അവസാന സന്ദർശനം.
മോദി പിന്നീട് റഷ്യയും യുക്രെയ്നും സന്ദർശിച്ചു. ഈ കൊച്ചുസംസ്ഥാനം ഇന്ത്യൻ യൂണിയന്റെ ഭാഗമായിക്കാണാൻ കഴിയാത്തമട്ടില്‍ ഇത്രത്തോളം നിസ്സംഗത പുലർത്താൻ ഒരു പ്രധാനമന്ത്രിക്കു കഴിയുന്നതെങ്ങനെ? മണിപ്പുരില്‍ കലാപം രൂക്ഷമായ ഈ ഘട്ടത്തിലും മോദി വിദേശത്താണ്. ലോകസമാധാനത്തിന്റെ മാധ്യസ്ഥ്യവാഴ്വില്‍.
സംസ്ഥാനത്ത് നിയമവാഴ്ചയും ക്രമസമാധാനവും ഭരണഘടനാസംവിധാനവും തകർന്നുവെന്ന് സുപ്രീംകോടതി ഓർമ്മപ്പെടുത്തിയിട്ടും ബിരേൻസിങ്ങിനെ മാറ്റിയിട്ടില്ല. പ്രത്യക്ഷമായിത്തന്നെ സംസ്ഥാനഭരണത്തില്‍ ഇടപെടുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മണിപ്പുരിലെ ദുരന്തത്തിന് ജനങ്ങളോടു സമാധാനം ബോധിപ്പിക്കണം.
ഗോത്രവർഗക്കാരായ ക്രൈസ്തവരെ മ്യാൻമാറില്‍നിന്നുള്ള കുക്കി-ചിൻ നുഴഞ്ഞുകയറ്റക്കാരായും പോപ്പിലഹരിമരുന്ന് ഇടപാടുകാരായും മുദ്രകുത്തി അമൂല്യ ധാതുസമ്പത്തുള്ള വനമേഖല കോർപ്പറേറ്റ് താത്പര്യങ്ങള്‍ക്കായി പിടിച്ചെടുക്കാനുള്ള ഗൂഢതന്ത്രങ്ങളെക്കുറിച്ച് പല ആഖ്യാനങ്ങളുണ്ട്.
മ്യാൻമാർ അതിർത്തിയില്‍ വേലികെട്ടിയും സ്വതന്ത്രസഞ്ചാര ഉടമ്പടിവ്യവസ്ഥ റദ്ദാക്കിയും സമാധാനം കൊണ്ടുവരാനാണ് അമിത് ഷാ വാചകക്കസർത്തു നടത്തുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.



