യുക്രൈനില്‍ പ്രയോഗിച്ചത് ഭൂഖണ്ഡാനന്തര മിസൈലല്ല, നാറ്റോയുമായുള്ള യുദ്ധമുന്നറിയിപ്പുമായി പുട്ടിൻ

വ്യാഴാഴ്ച യുക്രൈനില്‍ നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചത് പുതിയതായി വികസിപ്പിച്ച മധ്യദൂര ഹൈപ്പർസോണിക് മിസൈലാണെന്ന് റഷ്യ.

യു.എസ്, ബ്രീട്ടീഷ് മിസൈലുകള്‍ ഉപയോഗിച്ച്‌ ഈ ആഴ്ച ആദ്യം റഷ്യയ്ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ വ്യക്തമാക്കി. രാജ്യവ്യാപകമായി സംപ്രേഷണം ചെയ്ത ടെലിവിഷൻ പ്രസംഗത്തില്‍ ആണ് പുട്ടിന്റെ പ്രതികരണം. ആണവായുധം വഹിക്കാൻവേണ്ടി രൂപകല്പനചെയ്തിട്ടുള്ള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ.സി.ബി.എം.) ആണ് റഷ്യ പ്രയോഗിച്ചതെന്നാണ് യുക്രൈൻ ആരോപിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പുതിന്റെ മറുപടി. പൗരന്മാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള മുന്നറിയിപ്പ് ആക്രമണത്തിന് മുൻപ് നല്‍കുമെന്ന് പറഞ്ഞ പുട്ടിൻ, റഷ്യൻ മിസൈലുകളെ തടയാൻ യു.എസ്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിയില്ലെന്നും അവകാശപ്പെട്ടു.

അതേസമയം, റഷ്യയെ ആക്രമിക്കാൻ മിസൈലുകള്‍ ഉപയോഗിച്ച രാജ്യങ്ങള്‍ക്കെതിരേ ഇത് പ്രയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യനിർമിത ദീർഘദൂര മിസൈലുകള്‍ ഉപയോഗിച്ച്‌ യുക്രൈൻ റഷ്യയെ ആക്രമിച്ചാല്‍ അത് റഷ്യയും നാറ്റോയും തമ്മിലുള്ള യുദ്ധത്തില്‍ കലാശിക്കുമെന്ന് യു.എസിനും നാറ്റോ സഖ്യകക്ഷികള്‍ക്കും പുട്ടിൻ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുക്രൈനിന്റെ മധ്യ-കിഴക്കൻ നഗരമായ ഡിനിപ്രോയെ ലക്ഷ്യമാക്കി റഷ്യ ഐ.സി.ബി.എം. ഉപയോഗിച്ചെന്ന് പറയുമ്ബോഴും തെളിവുകളൊന്നും യുക്രൈൻ പുറത്തുവിട്ടിട്ടില്ല. മിസൈലിന്റെ വേഗവും ഉയരവും ഐ.സി.ബി.എമ്മിനോട് സാമ്യമുള്ളതായി യുക്രൈയിൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. വ്യാഴാഴ്ച മെസേജിങ് ആപ്പായ ടെലിഗ്രാം വഴിയാണ് യുക്രൈൻ വ്യോമസേന ആക്രമണവിവരം അറിയിച്ചത്. റഷ്യയുടെ അസ്ത്രഖാൻ മേഖലയില്‍നിന്നാണ് മിസൈല്‍ തൊടുത്തതെന്ന് യുക്രൈൻ പറഞ്ഞു. ഐ.സി.ബി.എമ്മിനൊപ്പം മറ്റ് എട്ടുമിസൈലുകള്‍കൂടി റഷ്യ വിക്ഷേപിച്ചിരുന്നുവെന്നും ഇവയില്‍ ആറെണ്ണം വെടിവെച്ചിട്ടതായും യുക്രൈൻ അറിയിച്ചിരുന്നു. ആക്രമണത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റെന്നും വ്യവസായകേന്ദ്രവും അംഗപരിമിതർക്കായുള്ള പുനരധിവാസ കേന്ദ്രവും തകർന്നെന്നുമായിരുന്നു പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞത്.

ഐ.സി.ബി.എം. ഉപയോഗിച്ചെന്ന വാദം റഷ്യ നിഷേധിച്ചിരുന്നു.യുക്രൈൻയുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചന നല്‍കി പുതുക്കിയ ആണവനയരേഖയില്‍ കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിസൈലാക്രമണമെന്നതും ചേർത്ത് മേഖലയില്‍ വലിയ ആശങ്ക ഇതിന് പിന്നാലെ ഉടലെടുത്തിരുന്നു. ദീർഘദൂരപരിധിയുള്ള ഐ.സി.ബി.എം. യുക്രൈൻ യുദ്ധത്തില്‍ ഉപയോഗിച്ചെങ്കില്‍ അത് റഷ്യയുടെ ആണവശക്തിയുടെ പ്രകടനമായും യുദ്ധത്തിന്റെ തീവ്രത വർധിക്കുമെന്ന സന്ദേശമായുമാണ് വിശകലനംചെയ്യപ്പെട്ടത്.

ആണവായുധശേഷിയല്ലാത്ത ഒരു രാജ്യം ആണവശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യക്കുനേരേ നടത്തുന്ന ആക്രമണം ‘സംയുക്ത ആക്രമണ’മായി കണക്കാക്കും. സുപ്രധാനമായ അത്തരം ആക്രമണങ്ങള്‍ക്കെതിരേ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നും ഉത്തരവ് പറയുന്നു. റഷ്യൻമണ്ണില്‍ യു.എസ്. നിർമിത ദീർഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈന് അനുമതി നല്‍കിയതിനുപിന്നാലെയാണ് പുതിൻ നയത്തില്‍ ഒപ്പിട്ടത്.