ഹമാസ് ബന്ദികളാക്കിയവരില്‍ ഒരാളെ റഫയിലെ തുരങ്കത്തിൽനിന്ന് മോചിപ്പിച്ച് ഇസ്രയേൽ

ഗാസ: കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ആക്രമണം നടത്തി ഹമാസ് ബന്ദികളാക്കിയവരില്‍ ഒരാളെ ഇസ്രയേല്‍ സൈന്യം മോചിപ്പിച്ചു.

ഖയിദ് ഫർഹാൻ അല്‍ഖാദി എന്ന അമ്ബത്തിരണ്ടുകാരനെയാണ് ഇസ്രയേല്‍ സൈന്യം ഹമാസിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ചത്. തെക്കൻ ഗാസയില്‍, ഈജിപ്ത് അതിർത്തിയോടു ചേർന്ന റഫയിലെ തുരങ്കത്തില്‍നിന്നാണ് ഖയിദ് ഫർഹാൻ അല്‍ഖാദിയെ ഇസ്രയേല്‍ സൈന്യം രക്ഷപെടുത്തിയത്. ഹമാസ് ബന്ദികളാക്കിയവരില്‍ 108 പേരെ കൂടി ഇനിയും മോചിപ്പിക്കാനുണ്ട്.

ഇസ്രയേല്‍ സേനയും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെറ്റും ചേർന്നു നടത്തിയ സങ്കീർണമായ നീക്കത്തിലൂടെയാണു ഖയിദ് ഫർഹാൻ അല്‍ഖാദിയെ മോചിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ണ്. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അഭിനന്ദിച്ചു. ബാക്കിയുള്ള ബന്ദികളും വീടണയും വരെ ഇത്തരത്തിലുള്ള പ്രവർത്തനം തുടരുമെന്നും അറിയിച്ചു.

ആകെ 251 പേരെയാണ് ഹമാസ് കഴിഞ്ഞ ഒക്ടോബർ ഏഴിന് ബന്ദികളാക്കി ഗാസയില്‍ കൊണ്ടുവന്നത്. ഇവരില്‍ 36 പേർ മരിച്ചെന്നാണ് കണക്കുകള്‍. ഇസ്രയേല്‍ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഹമാസ് പറയുന്നു. ഇതിനിടെ, മധ്യ ഗാസയിലെ ദെയ്‍ർ അല്‍ബലയിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുമായി ഇസ്രയേല്‍ ആക്രമണങ്ങളില്‍ 22 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സെയ്തൂണില്‍ 3 പേർ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോർട്ട് ചെയ് തു.

ഖാൻ യൂനിസില്‍ ആക്രമണമുണ്ടായ വീട്ടില്‍നിന്ന് 6 പേരുടെ മൃതദേഹം കണ്ടെടുത്തതായി ഗാസ അധികൃതർ പറഞ്ഞു. പരുക്കേറ്റ 7 പേരെ അവശിഷ്ടങ്ങള്‍ക്കിടയി‍ല്‍നിന്നു രക്ഷപ്പെടുത്തി. ഇതുവരെ 40,476 പലസ്തീൻകാർ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 93,647 പേർക്കു പരുക്കേറ്റു. തെക്കൻ, മധ്യ ഗാസ മേഖലകളില്‍ ഹമാസിനെതിരെ പോരാടാനായി പലസ്തീൻകാരെ ഇസ്രയേല്‍ ഒഴിപ്പിക്കുന്നതു തുടരുകയാണ്. പലരും കടല്‍ക്കരയില്‍ കഴിഞ്ഞുകൂടേണ്ട സാഹചര്യമാണ്.