ചെങ്കടലില്‍ വീണ്ടും അശാന്തി വിതച്ച് ഹൂതി ആക്രമണം; ഗ്രീക്ക് എണ്ണ കപ്പലിന് തീപിടിച്ചു

ടെല്‍അവീവ്: യെമനിലെ വിമത വിഭാഗമായ ഹൂതികളുടെ ആക്രമണത്തെത്തുടർന്ന് ക്രൂഡ് ഓയിലുമായി സഞ്ചരിച്ച എണ്ണ കപ്പലിന് തീപിടിച്ചു.

ഓഗസ്റ്റ് 23 മുതല്‍ ഗ്രീസിന്റെ ക്രൂഡ് ഓയില്‍ ചരക്കുകപ്പലായ സൗനിയനില്‍ തീപിടിക്കുന്നതായി യൂറോപ്യൻ യൂണിയൻ അധികൃതർ സ്ഥിരീകരിച്ചു. എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ കപ്പലിൻ്റെ പ്രധാന ഡെക്കില്‍ നിന്ന് തീയും പുകയും വരുന്നതായി കാണിക്കുന്ന ചിത്രങ്ങളും യൂറോപ്യൻ യൂണിയൻ അധികൃതർ പങ്കുവച്ചിട്ടുണ്ട്.

ചരക്കു കപ്പലിന് നേരെ ഹൂതികള്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. കപ്പലില്‍ 1,50,000 ടണ്‍ അസംസ്‌കൃത എണ്ണയാണ് ഉണ്ടായിരുന്നതെന്നും ഇത് കടലിലേക്ക് ഒഴുകിപോകുന്നതോടെ പരിസ്ഥിതിക്ക് വലിയ ദോഷം സംഭവിക്കുമെന്നുമാണ് അധികൃതർ പറയുന്നത്. തീനിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കപ്പല്‍ ദുരന്തമാകാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.

ലെബനനില്‍ ഹിസ്ബുള്ളയ്ക്ക് നേരെ നടന്ന ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായാണ് ഗ്രീക്ക് എണ്ണക്കപ്പലിന് നേരെയുള്ള ഹൂതി ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഗാസയില്‍ നടക്കുന്ന ഇസ്രായേലിന്റെ അധിനിവേശത്തെയും ഹൂതികള്‍ ശക്തമായി എതിർത്തിരുന്നു. ചെങ്കടലില്‍ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ കാരണം, സൂയസ് കനാല്‍ ഒഴിവാക്കാൻ ആഗോള കപ്പല്‍ കമ്ബനികള്‍ നിർബന്ധിതരാകുകയാണ്.

ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തില്‍ 2 കപ്പലുകളാണ് കഴിഞ്ഞ 10 മാസത്തിനിടയ്ക്ക് തകർക്കപ്പെട്ടത്. ആതൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെല്‍റ്റ ടാങ്കേഴ്സിന്റെ ഉടമസ്ഥതിയലുള്ളതാണ് ഹൂതികള്‍ ആക്രമിച്ച സൗനിയൻ എണ്ണക്കപ്പല്‍. ഇസ്രയേല്‍ പിടിച്ചെടുത്ത പലസ്തീന്റെ തുറമുഖങ്ങളിലേക്കു ചരക്കുമായി പോകരുതെന്ന തങ്ങളുടെ വിലക്ക് ഡെല്‍റ്റ ടാങ്കേഴ്സ് കമ്പനി ലംഘിച്ചുവെന്നും ഇതിനാലാണ് ആക്രമണമെന്നുമാണ് ഹൂതി വിമതരുടെ വാദം.