ത്രിപുരയില്‍ മരണസംഖ്യ 22 ആയി; വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കുടുങ്ങി നിരവധി പേര്‍

ത്രിപുരയില്‍ കഴിഞ്ഞ നാല് ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 22 പേർ മരിച്ചു.

നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അശ്വനി ത്രിപുര പാറയിലും ദേബിപൂരിലും ഉണ്ടായ മണ്ണിടിച്ചിലില്‍ പത്ത് പേരെ കാണതായെന്ന് മുഖ്യമന്ത്രി മണിക് സാഹ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു.

450 ദുരിതാശ്വാസ ക്യാമ്ബുകളിലായി 65,400 പേരെ മാറ്റി പാർപ്പിച്ചു. ദേശിയ ദുരന്തനിവാരണ സേന, അസം റൈഫിള്‍സ് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 334 പേരെ രക്ഷപ്പെടുത്തിയതായി അസം റൈഫിള്‍സ് അറിയിച്ചു. തലസ്ഥാനമായ അഗർത്തലയില്‍ നിന്നുള്ള എല്ലാ റെയില്‍വേ സർവീസുകളും റദ്ദാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്.

ദക്ഷിണ ത്രിപുര, ഗോമതി, ഖോവായ് ജില്ലകളിലാണ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. എട്ട് ജില്ലകളിലായി 1,056 വീടുകള്‍ക്ക് തകർന്നതായിട്ടാണ് വിവരം. കഴിഞ്ഞ 30 വർഷത്തിനിടയില്‍ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ വെള്ളപ്പൊക്കം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പതിനേഴ് ലക്ഷത്തോളം ആളുകള ബാധിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.