ടെല്‍ അവീവ്: ഹമാസിന്റെ സൈനികമേധാവി മുഹമ്മദ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ ഗാസയിലെ ഖാന് യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചത്.
ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയെ കഴിഞ്ഞദിവസം ഇറാനില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഹമാസിന്റെ സൈനികമേധാവിയെ തങ്ങള്‍ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടത്.
ജൂലായ് 13-നാണ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ ഖാന് യൂനിസ് മേഖലയില്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇന്റലിജന്‍സ് അന്വേഷണത്തില്‍ വ്യക്തമായതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനുനേരേ നടത്തിയ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ദെയഫ് ആയിരുന്നു. ഒക്ടോബര്‍ ഏഴിലെ ആക്രമണം ആസൂത്രണംചെയ്തതും നടപ്പാക്കിയതും ദെയ്ഫിന്റെ നേതൃത്വത്തിലാണെന്നും ഇസ്രയേല്‍ സൈന്യം പ്രസ്താവനയിലൂടെ പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയെ ഇറാനില്‍വെച്ച് കൊല്ലപ്പെട്ടത്. ടെഹ്റാനില്‍ ഹനിയെയുടെ അന്ത്യകര്‍മങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു ഹമാസ് നേതാവ് കൂടി കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവരുന്നത്.
ഹമാസിന്റെ ഏറ്റവും പ്രധാനനേതാക്കളിലൊരാളാണ് മുഹമ്മദ് ദെയ്ഫ്. ബോംബ് നിര്‍മാണത്തിലെ വൈദഗ്ധ്യത്തിലൂടെയും ടണല്ശൃംഖലകള് വിപുലപ്പെടുത്തുന്നതിലൂടെയും മുഹമ്മദ് ദെയ്ഫ് ഹമാസ് നേതൃത്വത്തില്‍ ശ്രദ്ധനേടി. ഇസ്രയേലിന്റെ കൊടുംകുറ്റവാളികളുടെ പട്ടികയിലെ പ്രധാനിയാണ് ദെയ്ഫ്.
ഇസ്രയേലിനെതിരേ നിരവധി ചാവേര്‍ ആക്രമണങ്ങളടക്കം ആസൂത്രണംചെയ്ത് നടപ്പാക്കിയതും ദെയ്ഫായിരുന്നു. 2015-ല്‍ അമേരിക്ക പുറത്തിറക്കിയ അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയിലും മുഹമ്മദ് ദെയ്ഫിന്റെ പേരുണ്ടായിരുന്നു.
ഇസ്രയേല്‍-ഹിസ്ബുല്ല സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്കാരോട് ലെബനന് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
മേഖലയിലെ സമീപകാല സംഭവവികാസങ്ങളും ഭീഷണികളും കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് ഇന്ത്യന്‍ പൗരന്മാര് യാത്ര ഒഴിവാക്കണം. കൂടാതെ എല്ലാ ഇന്ത്യക്കാരോടും ലെബനന് വിടാന്‍ കര്‍ശനമായി നിര്‍ദേശിക്കുകയും ചെയ്യുന്നു’, ലെബനിനിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
ഏതെങ്കിലും കാരണത്താല്‍ ലെബനനില്‍ തുടരേണ്ട സാഹചര്യമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ പ്രധാന കമാന്‍ഡര്‍ ഫുവാദ് ഷുക്ക്ര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലെബനന് വിടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇറാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്കകമായിരുന്നു ഹിസ്ബുല്ല നേതാവും കൊല്ലപ്പെട്ടത്. ഹനിയ്യയുടെ രക്തത്തിന് ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.




