നിലമ്പൂരിൽ നിന്ന് ആംബുലൻസിൽ എത്തിയത് ശരീരഭാഗങ്ങൾ മാത്രം; ഏ.ജി മലബാർ ഡിസ്ട്രിക്ട് ആശ്വാസവുമായി ദുരന്തമുഖത്ത്

വയനാട് :കാഴ്ചയ്ക്ക് എത്ര മനോഹരമായ ഭൂമിയായിരുന്നു ഇന്നലെ വരെ ചൂരൽ മലയും മുണ്ടക്കൈയും. എന്നാൽ ഇന്നിവിടം ശവങ്ങൾ കൊണ്ട് നിറഞ്ഞ ശ്മശാന ഭൂമിയായി മാറിയിരിക്കുന്നു.

ശവങ്ങൾക്കിടയിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരയുന്ന കണ്ണുകൾ.കൈകാലുകൾ നഷ്ടപ്പെട്ടതും തലവേർപെട്ടതുമായ കരളലിയിക്കുന്ന കാഴ്ച. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് ചൂരൽ മലയിലും മുണ്ടക്കയിലും സംഭവിച്ചത്.

എല്ലാം നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ മുഴുവൻ പേരെയും നഷ്ടപ്പെട്ട ഒറ്റപ്പെട്ടു മനുഷ്യരുടെ വിലാപം. ആർക്കും ആരെയും ഒന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻ പോലും പറ്റാത്തത്ര വേദനയുടെ കാഴ്ചയാണ് എങ്ങും.

ദുരിതമുഖത്ത് ആശ്വാസവുമായി ഏ.ജി മലബാർ ഡിസ്ട്രിക്ട്. ക്യാമ്പുകളും, ആശുപത്രികളും സന്ദർശിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഉറ്റവരെ നോക്കിയിരിക്കുന്നനൂറുകണക്കിനാളുകൾ മേപ്പാടിയിൽ ഉണ്ട്.

ഇന്ന് നിലമ്പൂരിൽ നിന്ന് 13 ആംബുലൻസുകളിലായി ശരീര ഭാഗങ്ങൾ കൊണ്ടുവന്നപ്പോൾ അവയിൽ തങ്ങളുടെ ഉറ്റവർ ഉണ്ടോ എന്ന് നിറഞ്ഞ കണ്ണുകളോടെ നോക്കുന്നു. കൈകളും കാലുകളും നഷ്ടപ്പെട്ട ശരീരങ്ങൾ. തലകൾ ഛേദിക്കപ്പെട്ടവ തുടങ്ങി വികൃതമാക്കപ്പെട്ട ശരീരഭാഗങ്ങളും ഉണ്ടായിരുന്നു. ഒരിറ്റ് വെള്ളം ഇറക്കാതെ കാത്തിരിക്കുന്ന ബന്ധുക്കൾക്കും വേണ്ടപ്പെട്ടവർക്കും ആംബുലൻസ് ജീവനക്കാർക്കും ചായയും ,സ്നാക്സും നൽകി ഇന്ന് ദുരിത ഭൂമിയിൽ ഡിസ്ട്രിക്ട് പ്രതിനിധികൾ.

ഡിസ്ട്രിക്ട് ട്രഷറാർ പാസ്റ്റർ അനീഷ് എം.ഐപ്പ്, പാസ്റ്റർമാരായ ‘പുൽപ്പള്ളി സെക്ഷൻ പ്രസ്ബിറ്റർ പ്രകാശ് സ്റ്റീഫൻ, കൽപ്പറ്റ സെക്ഷൻ സെക്രട്ടറി എം.സി രമേശ് പേരാൽ, സജി കെ പുൽപ്പള്ളി, സെക്ഷൻ സെക്രട്ടറി സജി കണ്ണാടിക്കൽ, സഹോദരന്മാരായ ഷാരോൺ , സി.വി ബിബിൻ മേപ്പാടി എന്നിവർ ടീമിൽ ഉണ്ടായിരുന്നു.