സാബു തൊട്ടിപ്പറമ്പിൽ
[സ്പെഷ്യൽ കറസ്പോണ്ടൻ്റ് ]
ധൂർത്തിലാറാടി അംബാനി കുടുഃബത്തിലെ ഒരു കല്ല്യാണം.പൊടിച്ചത് 5000 കോടി.വിളമ്പിയത് നൂറ് ഗ്രാമിന് 60,000 രൂപ വിലയുള്ള മീൻ മുട്ട വിഭവം. സ്പെഷ്യൽ ഗസ്റ്റുകൾക്ക് 2 കോടി വിലയുള്ള വാച്ചുകൾ.അങ്ങനെ പോകുന്നു മുകേഷ് അംബാനിയുടെ മകൻെറ കല്ല്യാണ വിശേഷങ്ങൾ.
വിവാഹം! അതൊരു ആർഭാടമല്ല ..ആവശ്യമാണ്. ഏതൊരാളുടെയും ജീവിതാഭിലാഷമാണ് വിവാഹവും കുടുംബജീവിതവുമൊക്കെ.
കല്യാണങ്ങൾക്ക് അല്ലറ ചില്ലറ ആർഭാടങ്ങളൊക്കെ ആകാം. അങ്ങനെ നടക്കാറുമുണ്ട്.
എന്നാൽ ഈ കഴിഞ്ഞ ദിവസം നടന്ന ഒരു കല്യാണത്തിൻ്റെ വാർത്തയായിരുന്നു രാജ്യത്താകമാനം ഉള്ള മാധ്യമങ്ങളിൽ.
പണപ്പെരുപ്പത്തിന്റെ ‘ഹുങ്ക്’ അല്ലാതെ മറ്റെന്ത് പ്രത്യേകതയാണ് ഈ കല്യാണത്തിന് ഉണ്ടായിരുന്നത് ?
ഒരുലക്ഷം രൂപ തികച്ചെടുക്കാൻ കഴിവില്ലാത്തതുകൊണ്ട് കല്യാണപ്രായം കഴിഞ്ഞും നിൽക്കുന്ന എത്രയോ പെൺകുട്ടികൾ നമ്മുടെ നാട്ടിലുണ്ട്.മൂന്നുനേരം നേരാംവണ്ണം ഭക്ഷണം കഴിക്കാൻ വകയില്ലാത്ത എത്ര ദരിദ്രനാരായണന്മാരുടെ നാടാണ് ഇന്ത്യ.
ഈ അത്യാഡംബര കല്യാണ വാർത്തകൾ ഈ സാധുക്കളും ഒരുവേള വായിച്ചിട്ടുണ്ടാവാം.ഇടനെഞ്ച് പൊട്ടിയാവാം പാവപ്പെട്ടവൻ ആ വാർത്തയിലൂടെ ഒന്ന് കടന്നുപോയത്.അത് ഒരു കല്യാണം നടന്നതിനുള്ള സങ്കടമല്ല.മറിച്ച് ഈ ധൂർത്തടിച്ച കോടികളുടെ ലക്ഷത്തിൽ അംശം ഉണ്ടായിരുന്നെങ്കിൽ എൻെറ മകളെയും ഒന്നു പടിയിറക്കി വിടാമായിരുന്നല്ലോ എന്ന ദുഃഖഭാരമാണ് ഇല്ലായ്മയുടെ വറുതിയിൽ കഴിയുന്ന മാതാവിനോ പിതാവിനോ ഉണ്ടാവുക.
മുകേഷ് അംബാനി എന്ന ശതകോടീശ്വരന്റെ മകൻെറ വിവാഹ മാമാങ്കത്തെ കുറിച്ചാണ് മാധ്യമലോകം കണക്കുൾപ്പെടെ പാടച്ച് വിട്ട് ജനത്തെ ആനന്ദത്തിൽ ആറാടിച്ചത് !
ഏതാണ്ട് ലോകത്തുള്ള എല്ലാ മാധ്യമങ്ങളും ഇക്കാര്യത്തിൽ മത്സര ബുദ്ധിയോടെയായിരുന്നു പ്രവർത്തിച്ചത്.അണിഞ്ഞൊരുങ്ങി ഇറങ്ങിയ വരന്റെ അടിവസ്ത്രത്തിന്റെ കണക്ക് വരെ ഇവറ്റകൾ എടുത്തു.വരൻ നടന്നത് വാർത്ത, നിന്നതും ചെരിഞ്ഞതും വാർത്ത …ഒന്നും രണ്ടുമല്ല 5000 കോടി ചെലവ് ചെയ്തുള്ള കല്യാണമല്ലേ , പത്രങ്ങൾക്ക് കണ്ടില്ലെന്ന് നടിക്കാനാവമോ ?
ആ വാർത്ത പട്ടിണി പാവങ്ങളുടെ കൂടി മുന്നിലെത്തിച്ചാലല്ലേ പത്രധർമ്മം പൂർത്തിയാകൂ… എന്താണല്ലേ?
മാതൃകാപരമായ എത്ര വിവാഹങ്ങൾ ഈ നാട്ടിൽ നടന്നിട്ടുണ്ട്. കല്യാണത്തിനുഉള്ള രൂപ മുടക്കി പാവങ്ങൾക്ക് വീട് വെച്ച് നൽകി. തങ്ങളുടെ മക്കളുടെ വിവാഹ ആവശ്യ ചെലവുകൾ വളരെക്കുറച്ച് എത്രയോ പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുത്ത മാതാപിതാക്കളുടെ നാടാണ് നമ്മുടേത്. അവരുടെയൊക്കെ ആർദ്രമായ മനസ്സിൻ്റെ മുന്നിൽ ഈ ശതകോടിശ്വരന്റെ സ്ഥാനം എന്താണ്?
മാതൃകാപരമായ അത്തരം പ്രവർത്തനങ്ങൾ ചെറിയൊരു സമൂഹം നടത്തിയപ്പോൾ അത് വാർത്തയാക്കിയോ എന്ന് ചോദിച്ചാൽ ഏതെങ്കിലും ഒരു മൂലയിൽ ചെറിയൊരു വാർത്തയായി വന്നിട്ടുണ്ടാവും, അത്രതന്നെ.
ആഡംബര കല്യാണത്തിന്റെ വാർത്തകൾ ആഴ്ചകൾക്ക് മുൻപേ തുടങ്ങി… പത്രധർമ്മത്തിന്റെ വാഗ്ദോരണിയായി!
മണിക്കിലുക്കത്തിന്റെ ചിലമ്പൊലിക്ക് ഒത്തവണ്ണം ആടി തിമിർക്കുകയായിരുന്നു ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവ.
ലോകമാധ്യമശ്രദ്ധ ആകർഷിച്ച ഈ കല്യാണ വാർത്തയിൽ എവിടെയെങ്കിലും നിർധരായ ഒരു കുടുംബത്തിലെ സാധുവായ ഒരു പെൺകുട്ടിയെ
കല്യാണം കഴിപ്പിച്ച് അയക്കാനുള്ള പൈസയോ , അതുമല്ലെങ്കിൽ ചെറ്റപ്പുരയിൽ കഴിയുന്ന ഒരു കുടുംബത്തിന് ഒരു വീട് വെച്ച് നൽകുന്നു എന്നോ .വേണ്ട , ദാരിദ്ര്യം പേറിയ ഒരു കുടുംബത്തിന് ഒരു കിലോ അരി ഈ വിവാഹത്തോടനുബദ്ധിച്ച് നൽകുമെന്ന് ഒരിടത്തും വായിക്കാൻ കഴിഞ്ഞില്ല.
കല്യാണത്തിന് ഏതെങ്കിലും പാവപ്പെട്ടവൻ ചെന്നതായിട്ടുള്ള ഒരു വാർത്തയും വെളിയിൽ വന്നു കണ്ടില്ല .എന്നാൽ രാജ്യപ്രമുഖരും സെലിബ്രേറ്റുകളും അന്യരാജ്യത്തെ രാഷ്ട്രീയ നേതാക്കളും കല്യാണത്തിന് പങ്കെടുത്തു. സിനിമയിലെ പ്രമുഖർക്ക് സമ്മാനം രണ്ടു കോടി രൂപ വിലയുള്ള വാച്ചുകൾ ആയിരുന്നു .ഒന്നും രണ്ടുമല്ല 25 പേർക്കാണ് ഇത്തരത്തിൽ വാച്ച് സമ്മാനിച്ചത്. സാധാരണ കല്യാണത്തിന് വധൂവരന്മാർക്കാണ് സമ്മാനം നൽകുക.ഈ കല്യാണം വേറെ ലെവൽലായതിനാൽ അങ്ങോട്ടു കൊടുക്കുകയായിരുന്നു സമ്മാനം.
പണമുള്ളതുകൊണ്ട് വലിച്ചെറിഞ്ഞ് ആർഭാടമാക്കിയ ഒരു കല്യാണം. അല്ലാതെ എന്താണ് ? ഈ കണ്ട കോടികൾ കൊണ്ട് ഇത്രമാത്രം ആഘോഷമാക്കിയെങ്കിലെ വധൂവരന്മാരുടെ ദാമ്പത്യം പൂർണ്ണതയിൽ എത്തുകയുള്ളോ? അതിന് പണത്തിന് എന്ത് പ്രസക്തി.ഒന്നു ചേരുന്ന രണ്ടു മനസ്സുകളുടെ ഐക്യമില്ലേ പ്രധാനം.
ഈ ആർഭാട കല്യാണത്തിന് പൊടിച്ച കോടികളുടെ കൂട്ടത്തിൽ ദരിദ്ര ജനവിഭാഗത്തിന്റെ ചില്ലി കാശുമുണ്ടെന്നുള്ളതാണ് വാസ്തവം.
കല്യാണത്തിനോടനുബന്ധിച്ച് അംബാനി കുടുംബം ഒരു ഗെയിം മാലോകർക്ക് വേണ്ടി സമർപ്പിച്ചിട്ടുണ്ടത്രേ.പണം വെച്ച് കളിക്കുന്ന ഗെയിമാണെന്നാണ് വിവരം . എങ്ങനെ എങ്കിലും ധൂർത്തടിച്ച കോടികൾ തിരിച്ചുപിടിക്കേണ്ട ഗയിസ് !




