ബെയ്ലി തൻ്റെ മൊബൈൽ ഫോൺ എടുത്ത് ഓൺ ചെയ്തു. എന്നിട്ട് ഞങ്ങളുടെ ഓരം ചേർന്ന് നിന്ന് ഒരു മലയാളം പ്രസംഗം കേൾപ്പിച്ചു. പിതാവായ ദൈവത്തെ കുറിച്ചുള്ള ആഴമേറിയ പ്രഭാഷണം. നല്ല ഭാഷയുള്ള പ്രസംഗം. പ്രസംഗകൻ്റെ ശബ്ദമോ നല്ല ഘനഗാംഭീര്യമുള്ളതും. പ്രഭാഷണത്തിൽ എങ്ങും ക്രിസ്തുവിനെ കുറിച്ച് പരാമർശിച്ച് കേട്ടില്ല.
അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റിൽ റ്റാമ്പ പട്ടണത്തിലെ സിംസ് പാർക്കിൽ വച്ചാണ് രസകരമായ ഈ അനുഭവമുണ്ടായത്.

യുവാവായ ബെയ്ലി സായിപ്പ് ബൈബിൾ ട്രൂത്ത് എന്നെഴുതിയ ബോർഡുമായി നിൽക്കുന്നത് യാദൃശ്ചികമായിട്ടാണ് കണ്ടത്. ക്രൈസ്തവചിന്ത എഡിറ്റർ ടോണി ബെയ്ലിയുടെ അടുത്തു ചെന്ന് സൗഹൃദയം പങ്കിട്ടതോടെ അദ്ദേഹം വാചാലനായി.
ആൾ ക്രിസ്ത്യാനിയൊന്നുമല്ല. യഹോവാ സാക്ഷിക്കാരനാണ്. ജോലി കഴിഞ്ഞ് മിച്ചം കിട്ടിയ സമയം പത്തുപേർ കൂടുന്ന പാർക്കിൽ തൻ്റെ വിശ്വാസം പ്രചരിപ്പിക്കാൻ എത്തിയിരിക്കയാണ്. പരിചയപ്പെട്ട ഉടനെ കേരളത്തിലെ യഹോവാ സാക്ഷികളെപ്പോലെ ചാടി വീണ് യഹോവായെപ്പറ്റി വാക്പയറ്റിനൊന്നും ബെയ്ലി തയ്യാറായില്ല. പക്ഷേ ഒഴിവു സമയം യഹോവയുടെ സാക്ഷിയാകാൻ പാർക്കിലെത്തിയിരിക്കയാണ്.
താൻ അറിഞ്ഞ ‘സത്യം ‘ ജനം അറിയണം, അഥവാ 10 പേരെ അറിയിക്കണം. അദ്ദേഹം ജനാഭിമുഖമായി നാട്ടിയിരിക്കുന്ന ബോർഡിൽ ബൈബിൾവാകുമൊന്നുമില്ല . ഉള്ളത് യഹോവ വിറ്റ്നസ്, വാച്ച്ടവർ എന്നൊക്കെയാണ്.
ബെയ്ലിയെ ടോണി വട്ടം പിടിച്ചു എന്നതാണ് ശരി. ടോണിയുടെ ഭാര്യയും റ്റാമ്പ പോൾ ആർ സ്മിത്ത് ഹൈസ്കൂൾ ആദ്ധ്യാപികയുമായ ബ്ലസ്സിയും രണ്ട് കുഞ്ഞുങ്ങളും ഞാനും ബെയ്ലിക്കൊപ്പം കൂടി. ബോട്ടണിയിൽ M.Sc യും M.Ed ഉം ഉള്ള ബ്ലസ്സി ഇവിടെ എത്തിയിട്ട് ഒരുവർഷമായി. ടോണി വന്നിട്ട് 8 മാസവും.
ടോണിയുടെ ഇന്ത്യയെ കുറിച്ചും കേരളത്തെക്കുറിച്ച്മൊക്കെയുള്ള ‘ പ്രഭാഷണം’ കേട്ടമാത്രയിൽ ബെയ്ലി തൻ്റെ മൊബൈൽ ഫോണെടുത്ത് മലയാളത്തിൽ ചിലതൊക്കെ എഴുതിയ ഒരു പേജ് കാന്നിച്ചു. JW പേജുകൾ , ബൈബിൾ പഠനസഹായി , ഓൺലൈൻ ബൈബിൾ പഠനം, ബൈബിൾ ലൈബ്രറി എന്നൊക്കെ ആ പേജിൽ കുറിച്ചിരിക്കുന്നു.
അത് ഞങ്ങൾ വായിച്ചനന്തരം അതാ വരുന്നു യഹോവയെ കുറിച്ചുള്ള ഒന്നാം തരം പ്രസംഗം. പഴയനിയമത്തിൽ നിന്നുള്ള ആഴമേറിയ പ്രസംഗം. ക്രിസ്തുവിനെ കുറിച്ചൊന്നും പരാമർശിച്ച് കേട്ടില്ല.
സൗഹൃദം പങ്കിട്ട് കൈ കൊടുത്തു പിരിയാൻ നേരം ബയ്ലി നിങ്ങൾ ക്രിസ്ത്യാനികളാണല്ലേ എന്ന് ചോദിച്ചു. അതെ എന്നും പെന്തക്കോസ്തുകാരാ ന്നെന്നും ടോണി മറുപടി പറഞ്ഞപ്പോൾ കേരളത്തിലെ യഹോവസാക്ഷി ക്കാരൻ്റെ മുഖം ചുളിയുന്നതുപോലെ ബെയ്ലിയുടെ മുഖം ചുളിഞ്ഞില്ല. അദ്ദേഹത്തിൻ്റെ നിഷ്കളങ്കമായ സംസാരവും ഇടപെടലും എന്നെ അത്ഭുതപ്പെടുത്തി.
ജോലികഴിഞ്ഞ് എത്തിയതാകണം തനിക്ക് ശരിയെന്ന് തോന്നുന്ന വിശ്വാസം ചിലരോടെങ്കിലും പങ്കുവയ്ക്കാൻ. സിംസ് പാർക്കിൻ്റെ മറ്റൊരു ഭാഗത്തുകൂടി പാർക്കിങ്ങ് ഏരിയായിൽ ചെന്നപ്പോൾ കണ്ട കാഴ്ചയും എന്നെ ചിന്തിപ്പിച്ചു.
ഒരു കാറിൻ്റെ ഡിക്കി തുറന്ന് അതിനകത്തേക്ക് യഹോവാ സാക്ഷികളെക്കുറിച്ച് എഴുതിയ തൻ്റെ ബോർഡ് കയറ്റിവയ്ക്കുന്നു. ആ
കൂടെ മറ്റൊരു പുരുഷനും രണ്ട് സ്ത്രീകളും അതേപോലൊരു ബോർഡുമായി എത്തി, അതും ഡിക്കിയിൽ വച്ചു. അതിലൊരു സ്ത്രീ ബെയ്ലിയുടെ ഭാര്യയാകാനാണ് സാദ്ധ്യത. രണ്ടു കുടുംബത്തിലെ നാലുപേർ നാലുവഴിക്ക് പോയി, യഹോവയുടെ സാക്ഷിയായ ശേഷം മടങ്ങിയെത്തിയിരിക്കുന്നു. ഒരു നിയോഗമെന്നോണം
ഞങ്ങളുടെ അങ്കമാലി ടൗൺ ഐ.പി.സി ചർച്ച് ശുശ്രുഷകൻ പാസ്റ്റർ സുനിൽ മാത്യു അദ്ദേഹത്തിൻ്റെ വാനിൽ സ്ഥിരമായി ഉറപ്പിച്ചു വച്ചിരിക്കുന്ന മൈക്കുമായി കവലകളിൽ പോയി പ്രസംഗിക്കുന്നത് ഓർമ്മയിൽ വന്നു. കൂടെ രാജൻ പാസ്റ്ററും ഗ്ലാഡ്സൺ, ജോജി, ബ്ലസ്സൻ എന്നീ കർതൃദാസന്മാരും
പങ്കാളികളാകാറുണ്ട്.
എൻ്റെ ഇപ്പോഴത്തെ നിസ്സഹകരണത്തെ യൗവ്വനകാലത്തെ സുവിശേഷീകരണ പ്രവർത്തനം കൊണ്ട് ഞാൻ ന്യായീകരിക്കുകയാണ്.
ബെയ്ലി ചെറുപ്പക്കാരനാണ്. പക്ഷേ ആ തീവ്രത ആധുക പെന്തക്കോസ്തു യുവതയ്ക്കുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് ഉത്തരം.
-കെ.എൻ. റസ്സൽ




