ടെഹ്റാൻ: ഇറാനിൽ പൊലീസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 10 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. തെഹ്റാനിൽനിന്ന് 1200 കിലോമീറ്റർ അകലെ തെക്കൻ പ്രവിശ്യയായ സിസ്താൻ- ബലൂചിസ്താൻ മേഖലയിലെ ഗോഹർ കുഹിലാണ് സംഭവം. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
അതേസമയം അഫ്ഗാനിസ്താൻ, ഇറാൻ, പാകിസ്താൻ എന്നിവിടങ്ങളിലെ ബലൂച് ജനതക്കുവേണ്ടി വാദിക്കുന്ന ഹൽവാഷ് തകർന്ന ട്രക്കിന്റെ ഫോട്ടോയും വിഡിയോയും പങ്കുവെച്ചു.
ശനിയാഴ്ച പുലർച്ചെ ഇസ്രായേൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പൊലീസുകാർ കൊല്ലപ്പെട്ട ഭീകരാക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.
മറ്റൊരു ഭീകരാക്രമണത്തിൽ
പാകിസ്താനില് എട്ട് പേർ കൊല്ലപ്പെട്ടു.
ചാവേറാക്രമണമാണ് ഉണ്ടായത്.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിലായിരുന്നു ആക്രമണം. പ്രദേശത്ത് നിർത്തിയിട്ടിരുന്ന മോട്ടോർസൈക്കിൾ റിക്ഷയുടെ പിന്നിൽ നിന്ന് ചാവേർ പൊട്ടിത്തെറിച്ചുവെന്നാണ് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരും രണ്ട് അർധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അസ്വാദ് ഉൾ ഹർബ് എന്ന തീവ്രവാദസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത്
രംഗത്തെത്തി.
അഫ്ഗാന്റെ അതിർത്തി പ്രദേശത്തായിരുന്നു ആക്രമണം. 2021-ൽ താലിബാൻ അധികാരത്തിലേറിയതിന് ശേഷം പാകിസ്ഥാനിൽ തീവ്രവാദം വർധിച്ചതായാണ് റിപ്പോർട്ടുകൾ. ശത്രുതാമനോഭാവമുള്ള സംഘങ്ങൾ പാകിസ്താനിൽ അഭയം പ്രാപിക്കുന്നുവെന്നും ആരോപണമുണ്ട്.
2014-നു ശേഷം ഏറ്റവുമധികം ചാവേർ ആക്രമണങ്ങൾ പാകിസ്താനിൽ റിപ്പോർട്ട് ചെയ്ത വർഷമായിരുന്നു 2023. 29 ചാവേർ ആക്രമണങ്ങളിൽ നിന്നായി 329 പേർ 2023-ൽ മാത്രം കൊല്ലപ്പെട്ടു.
=====




