അരിയില്‍ ഷൂക്കൂര്‍ വധക്കേസ് ; ഇന്ന് വിധി പറയും, പ്രതിപ്പട്ടികയില്‍ പി ജയരാജനും ടി വി രാജേഷും

അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ ഇന്ന് കൊച്ചി സിബിഐ പ്രത്യേക കോടതി വിധി പറയും. സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കം പ്രതികളുടെ വിധിയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക.

14 വർഷത്തിനുശേഷമാണ് വിധി വരുന്നത്. 32-ാം പ്രതിയാണ് ജയരാജൻ. രാജേഷ് 33-ാം പ്രതിയും. ഇവരുൾപ്പെടെ 33 സി.പി.എം. പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഗൂഢാലോചനക്കേസിൽ പ്രതികളായ പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും കാര്യത്തിലുണ്ടാവുന്ന വിധിയാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

സുമേഷാണ് കേസിൽ ഒന്നാംപ്രതി. പി. ഗണേശൻ, അനൂപ്, വിജേഷ്, കെ. പ്രകാശൻ എന്നിവരാണ് അഞ്ചുവരെയുള്ള പ്രതികൾ. കേസിലെ പ്രധാന സാക്ഷിയായ സക്കറിയ 23 പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. 2012 ഫെബ്രുവരി 20-നാണ് തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയായ ഷുക്കൂർ കണ്ണപുരത്തിന് സമീപം കൊല്ലപ്പെട്ടത്. പി. ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചെന്നാരോപിച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്കയുടെ ഹർജിയിൽ ഹൈക്കോടതിയാണ് കേസ് സി.ബി.ഐ.യ്ക്ക് വിട്ടത്. 2016 ഫെബ്രുവരി എട്ടിനാണ് അന്വേഷണത്തെയും സി.പി.എമ്മിനെയും നിശിതമായി വിമർശിച്ചുള്ള ഉത്തരവിലൂടെ തുടരന്വേഷണം സി.ബി.ഐ.ക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. കോടതിയുടെ പ്രത്യേകാധികാരം വിനിയോഗിച്ചായിരുന്നു ജസ്റ്റിസ് ബി. കെമാൽപാഷയുടെ നടപടി.

പി. ജയരാജനെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കുറ്റത്തിൽ നിന്നൊഴിവാക്കാൻ അന്വേഷണോദ്യഗസ്ഥന് കഠിനപ്രയത്‌നം വേണ്ടിവന്നുവെന്നും പ്രാദേശിക രാജാക്കൻമാർ കേസന്വേഷണത്തെ നിയന്ത്രിക്കുന്നത് അനുവദിക്കാനാകില്ലെന്നും മറ്റുമുള്ള കടുത്ത പരാമർശങ്ങൾ അന്ന് കോടതിയിൽനിന്നുണ്ടായിരുന്നു.