20 വര്‍ഷത്തെ പക ഏഴുപേരുടെ ജീവനെടുത്തു; മൃതദേഹങ്ങള്‍ വനത്തില്‍ തള്ളി, മൂന്നുപേരെ കണ്ടെത്തി, നാലുപേര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

ബംഗളൂരു: ബംഗളൂരുവില്‍ ഒരു കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസില്‍ നിർണായക വഴിത്തിരിവ്. പ്രതിയായ ക്യാബ് ഡ്രൈവർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലെ യേർക്കാട് വനമേഖലയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി പൊലീസ് കണ്ടെത്തി.

ഇതോടെ കേസില്‍ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം മൂന്നായി. പ്രതി ഇന്ദുശേഖറിന്റെ ഭാര്യ സുനിത (40), ഭാര്യാമാതാവ് രൂപാവതി (65) എന്നിവരുടെ മൃതദേഹങ്ങളാണ് തമിഴ്‌നാട് സേലം ജില്ലയിലെ വനമേഖലയില്‍ നിന്ന് കണ്ടെടുത്തത്.

മൃതശരീരങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളെ സേലത്തെത്തിച്ചതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട മറ്റ് നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. കുടുംബവഴക്കിനെത്തുടർന്ന് രണ്ടാഴ്ചയോളം നീണ്ട കാലയളവില്‍ സ്വന്തം ഭാര്യയെയും ഏഴുവയസുകാരൻ ഉള്‍പ്പെടെ അവരുടെ ആറ് ബന്ധുക്കളെയും കൊലപ്പെടുത്തിയെന്നാണ് ഇന്ദുശേഖറിനെതിരായ കേസ്.

കൊല്ലപ്പെട്ടവരില്‍ ഏഴുവയസുകാരനായ പുനീതിന്റെ മൃതദേഹം വെള്ളിയാഴ്ച നന്ദി ഹില്‍സിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റുമോർട്ടം നടത്തി. കുട്ടിയുടെ തലയ്ക്ക് മൂർച്ചയുള്ള ആയുധംകൊണ്ട് അടിയേറ്റതായാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്ന് അന്വേഷണവൃത്തങ്ങള്‍ അറിയിച്ചു.

കൊലപാതകങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കാറില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ ഉപേക്ഷിക്കുകയായിരുന്നു. കർണാടകയിലെയും തമിഴ്നാട്ടിലെയും വിവിധ മേഖലകളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ചെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹാസൻ, ചിക്കമംഗളൂരു തുടങ്ങിയ ജില്ലകളിലെ വനമേഖലകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

പ്രതി സഞ്ചരിച്ചിരുന്ന കാറില്‍ ‘പ്രസ്’ എന്ന സ്റ്റിക്കർ പതിച്ചിരുന്നതായും ഒരു മാസികയുമായി ബന്ധമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ മൃതദേഹങ്ങള്‍ കാറില്‍ കടത്തിക്കൊണ്ടുപോകുന്നതിനും പൊലീസ് പരിശോധനകള്‍ ഒഴിവാക്കുന്നതിനും ഈ അടയാളം ഉപയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കാണാതായ നളിനിയുടെ മാതാവ് തുങ്കമ്മ ശ്രീരാംപുരം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ദുശേഖർ പിടിയിലായത്. കേസില്‍ പ്രതിയുടെ 17കാരിയായ മകള്‍ക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബുധനാഴ്ച ഉല്‍സൂർഗേറ്റ് പരിസരത്തുനിന്നാണ് ഇന്ദുശേഖറിനെ പൊലീസ് പിടികൂടിയത്. അറസ്റ്റിലാകുമ്പോള്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ 10 വയസ്സുള്ള മകനും പ്രതിയുടെ കാറിലുണ്ടായിരുന്നു.

മാതാപിതാക്കള്‍ തീർത്ഥാടനത്തിന് പോയിരിക്കുകയാണെന്ന് പറഞ്ഞ് കുട്ടിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവന്നതാണെന്നാണ് വിവരം. മാതാപിതാക്കള്‍ കൊല്ലപ്പെട്ട വിവരം അറിയാതെ ദിവസങ്ങളോളം കുട്ടി പ്രതിക്കും മകള്‍ക്കുമൊപ്പം കഴിഞ്ഞു. കുട്ടിയെയും കൊലപ്പെടുത്താൻ പ്രതി പദ്ധതിയിട്ടിരുന്നതായാണ് പൊലീസിന്റെ സംശയം. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ രക്ഷിക്കാനായി.

വിവാഹം കഴിഞ്ഞ് 20 വർഷത്തിനിടെ താനും ഭാര്യ സുനിതയും തമ്മില്‍ വഴക്കില്ലാത്ത ദിവസങ്ങളുണ്ടായിട്ടില്ലെന്നാണ് ഇന്ദുശേഖറിന്റെ മൊഴി. സ്വഭാവത്തിലും നിലപാടുകളിലും ഇരുവരും തമ്മില്‍ വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. സുനിതയുടെ അമിതമായ ഇടപെടലുകളും അമ്മയോടും സഹോദരങ്ങളോടുമുള്ള അടുപ്പവും ഇന്ദുശേഖറിന് കടുത്ത എതിർപ്പുണ്ടാക്കി. കാലക്രമേണ ഈ വിരോധം വർദ്ധിക്കുകയും ഒടുവില്‍ ഏഴുപേരുടെ ജീവനെടുക്കുന്ന ക്രൂരതയിലേക്ക് നയിക്കുകയും ചെയ്തെന്നാണ് പൊലീസ് നിഗമനം.