ജാസ്‌ക്: പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാന്റെ തെക്കന്‍ തീരമേഖലകളില്‍ വീണ്ടും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖഷം ദ്വീപ്, ജാസ്‌ക്, സിറിക്, ബന്ദര്‍ അബ്ബാസ് എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. സംഭവങ്ങള്‍ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സ്ഥിരീകരിച്ചെങ്കിലും സ്‌ഫോടനങ്ങളുടെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ ഇറാനില്‍ നിന്ന് മടങ്ങുകയായിരുന്ന വാണിജ്യ കപ്പലിന് ഒമാന്‍ കടലില്‍ വെച്ച് യുഎസ് സൈന്യം നേരെ ആക്രമണം നടത്തി. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പതാക വഹിച്ച കപ്പലിനെ യുഎസ് നാവികസേനയാണ് ലക്ഷ്യമിട്ടത്.
അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം മറികടന്ന് കടന്നുപോകാന്‍ ശ്രമിച്ച കപ്പല്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കപ്പലിലെ ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. നവംബര്‍ മൂന്നിന് നടന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരായ സൈനിക നടപടികള്‍ കൂടുതല്‍ ശക്തമാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പുതിയ സംഭവവികാസങ്ങള്‍.
അതിനിടെ, രാജ്യം ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. പുതിയ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തിന്റെ വിവരങ്ങള്‍ അടുത്തയാഴ്ച പുറത്തുവിടുമെന്ന് ഇറാന്‍ സൈന്യം അറിയിച്ചിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അമേരിക്ക രണ്ട് കോടി ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം.




